കന്നഡ സിനിമ മാറിയതിന് കാരണം ഞങ്ങളാണെന്ന് വിശ്വസിക്കുന്നില്ല, അതെല്ലാം മീഡിയ പറഞ്ഞുണ്ടാക്കുന്നതാണ്: രാജ്.ബി. ഷെട്ടി
Entertainment
കന്നഡ സിനിമ മാറിയതിന് കാരണം ഞങ്ങളാണെന്ന് വിശ്വസിക്കുന്നില്ല, അതെല്ലാം മീഡിയ പറഞ്ഞുണ്ടാക്കുന്നതാണ്: രാജ്.ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th May 2024, 8:21 am

കന്നഡ സിനിമാ ഇന്‍ഡസ്ട്രി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയെടുത്തിരുന്നു. പ്രശാന്ത് നീലിന്റെ കെ.ജി.എഫ് കാരണം മാസ് മസാല ഴോണറിലുള്ള സിനിമകള്‍ കൂടുതല്‍ വരുന്നുണ്ടെങ്കിലും വ്യത്യസ്തമായ സിനിമകള്‍ കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്ന് വരാന്‍ കാരണം ആര്‍.ആര്‍.ആര്‍ എന്നറിയപ്പെടുന്ന റിഷബ്, രക്ഷിത്, രാജ്.ബി ഷെട്ടിമാരിലൂടെയാണ്. മൂന്നു പേരും മികച്ച നടന്മാരും, അതിനെക്കാള്‍ മികച്ച സംവിധായകരുമാണ്.

ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡ സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് രാജ്.ബി.ഷെട്ടി. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയിലൂടെ മലയാളത്തിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് രാജ്.ബി. ഷെട്ടി. ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായാണ് താരം എത്തുന്നത്. കന്നഡ സിനിമ കൈവരിച്ച മാറ്റത്തിന് പിന്നില്‍ തങ്ങള്‍ മാത്രമല്ലെന്നും, വേറെയും ഒരുപാട് കഴിവുള്ള സംവിധായകരുടെ പ്രയത്‌നമാണ് ഇതെന്നും രാജ്.ബി.ഷെട്ടി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘കന്നഡ സിനിമ മാറിയതിന് പിന്നില്‍ ഞങ്ങളാണെന്ന് കരുതുന്നില്ല. ആര്‍.ആര്‍.ആര്‍ ഗ്യാങ് എന്ന ടേം മീഡിയാസിന്റെ കണ്ടുപിടിത്തമാണ്. ഞങ്ങളെക്കാള്‍ കഴിവുള്ള എത്രയോ സംവിധായകര്‍ വേറെയുണ്ട്. ലൂസിയ സംവിധാനം ചെയ്ത പവന്‍ കുമാര്‍, കവാലുദാരിയും സപ്ത സാഗരദാച്ചെ എല്ലോയും സംവിധാനം ചെയ്ത ഹേമന്ത് റാവു അങ്ങനെ എത്രയോ മികച്ച സംവിധായകരുണ്ട്.

ഒരു ഗരുഡ ഗമനയോ, ഒരു കാന്താരയോ കാരണമാണ് ഇന്‍ഡസ്ട്രി മാറിയത് എന്ന് ഞാനോ റിഷബോ, രക്ഷിതോ വിശ്വസിക്കുന്നില്ല. ഉപേന്ദ്രയുടെ സിനമകളൊക്കെ 90കളില്‍ കൊണ്ടുവന്ന മാറ്റം ചെറുതല്ല. ഞങ്ങള്‍ കൊണ്ടുവന്ന പുതുമ എന്താണെന്ന് ചോദിച്ചാല്‍, ബെംഗളൂരുവില്‍ മാത്രം തളച്ചിട്ട കന്നഡ സിനിമക്ക് മംഗലാപുരവും അതിന്റെ പരിസരങ്ങളും പരിചയപ്പെടുത്തി എന്നത് മാത്രമാണ്. അല്ലാതെ ഞങ്ങള്‍ ഇന്‍ഡസ്ട്രിയെ രക്ഷപ്പെടുത്തി എന്നുള്ളതൊക്കെ മീഡിയാസ് പറഞ്ഞുണ്ടാക്കുന്നതാണ്,’ രാജ്.ബി. ഷെട്ടി പറഞ്ഞു.

Content Highlight: Raj B Shetty saying that RRR gang is not the reason for the change of Kannada cinema