2022 പുറത്ത് വന്ന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് കാന്താര. ചെറിയ ബജറ്റില്‍ എത്തിയ ചിത്രം എല്ലാ ഭാഷകളിലും സംസാര വിഷയമായിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായത്.
ചിത്രത്തിന്റെ ആകര്‍ഷക ഘടകമായിരുന്നു അതിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍. എന്നാല്‍ ക്ലൈമാക്‌സ് എക്‌സിക്യൂട്ട് ചെയ്തത് സംവിധായകനും നടനുമായ രാജ് ബി. ഷെട്ടിയാണ് എന്ന പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് രാജ് ബി. ഷെട്ടി. ക്ലൈമാക്‌സ് ചെയ്തത് റിഷഭ് തന്നെയാണെന്നും താന്‍ മറ്റൊരു രംഗമാണ് ഷൂട്ട് ചെയ്തതെന്നും റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ രാജ് പറഞ്ഞു.
‘അതുമായി ബന്ധപ്പെട്ടുവന്ന ചര്‍ച്ചകളെല്ലാം എനിക്ക് അറിയാം. കാന്താരയില്‍ നിങ്ങള്‍ കാണുന്ന ഏറ്റവും വലിയ പഞ്ച് ചെയ്തിരിക്കുന്നത് റിഷഭ് ഷെട്ടിയാണ്. ആ ഫൈറ്റ് രംഗങ്ങളെല്ലാം റിഷഭ് തന്നെയാണ് ചെയ്തത്. ഞാന്‍ ക്യാമറയുടെ പിന്നില്‍ പോലുമില്ലായിരുന്നു. എല്ലാം നോക്കിയത് റിഷഭ് തന്നെയാണ്. തുടക്കത്തിലുള്ള തെയ്യം പാര്‍ട്ട് മാത്രമാണ് ഞാന്‍ ചെയ്തത്. ഞാനാണ് അത് എക്‌സിക്യൂട്ട് ചെയ്തത്. റിഷഭിന് അത് ചെയ്യാനാവില്ലായിരുന്നു. എല്ലാകൊണ്ടും അവന് വയ്യാതായിരുന്നു. പിന്നെ അവന് ആ തെയ്യത്തിന്റെ സ്റ്റെപ്പുകളോ സംസ്‌കാരമോ അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവിടെ ചെന്നത്,’ രാജ് പറഞ്ഞു.
ടോബിയാണ് പുതുതായി റിലീസ് ചെയ്ത രാജിന്റെ ചിത്രം. രാജ് തന്നെ എഴുതിയ ടോബിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ബാസില്‍ എ.എല്‍. ചാലക്കല്‍ ആണ്. ചൈത്ര ജെ. ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.
Content Highlight: Raj B Shetty said that the climax of Kantara was done by Rishabh himself