പൊളിറ്റിക്കലി കറക്ട് ആവണമെങ്കില്‍ സെന്‍സിറ്റീവായിരിക്കണം; അങ്ങനെയൊരാള്‍ക്ക് മറ്റുള്ളവരെ വേദനിപ്പിക്കാനാവില്ല: രാജ് ബി. ഷെട്ടി
ഒരു ആര്‍ട്ടിസ്റ്റ് തനിക്ക് ചുറ്റുമുള്ള മനുഷ്യരോട് സെന്‍സിറ്റീവ് ആകേണ്ടതുണ്ടെന്ന് നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി. അതയാളുടെ സംസാരത്തിലും, പെരുമാറ്റത്തിലും ആളുകളോട് ഇടപഴകുന്ന രീതിയിലും അല്ലെങ്കില്‍ എഴുത്തിലുമെല്ലാം ചെറിയ പൊളിറ്റിക്കല്‍ കറക്ടനസ് ഉണ്ടാക്കുമെന്നും അതില്‍ നിന്ന് ആളുകളെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ടോബി എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ മീഡിയവണ്ണിനോട് പങ്കുവെക്കുന്നതിനിടെയാണ് രാജ് ബി. ഷെട്ടി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. സിനിമയിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ എങ്ങനെ കാണുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ഒരു ഫിലിം മേക്കറിനെ സംബന്ധിച്ച്, ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് എല്ലാത്തിനോടും സെന്‍സിറ്റീവ് ആകേണ്ടതുണ്ട്. എന്റെ ജാതി, എന്റെ മതം, എന്റെ ദേശം, എന്റെ ഭാഷ എന്നിങ്ങനെയല്ല. മറിച്ച് മനുഷ്യരോടാണ് സെന്‍സിറ്റീവ് ആകേണ്ടത്. നിങ്ങള്‍ അങ്ങനെയൊരാളാണെങ്കില്‍ സംസാരത്തിലും, പെരുമാറ്റത്തിലും ആളുകളോട് ഇടപഴകുന്ന രീതിയിലും അല്ലെങ്കില്‍ എഴുത്തിലുമെല്ലാം ചെറിയ പൊളിറ്റിക്കല്‍ കറക്ടനസ് ഉണ്ടാകും.
ഇനി ആ സെന്‍സിറ്റിവിറ്റി ഇല്ല എന്നാണെങ്കില്‍ ആളുകള്‍ വേദനിക്കാനിടയാകും. കാരണം അതയാള്‍ക്ക് കാണാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ വേദനിക്കുന്നുണ്ടെന്ന് അപ്പോള്‍ അയാള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല,’ രാജ് ബി. ഷെട്ടി പറഞ്ഞു.
നവാഗതനായ ബാസില്‍ എ.എല്‍ ചാലക്കല്‍ സംവിധാനം ചെയ്ത് ടി.കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിര്‍വഹിച്ച ആക്ഷന്‍ ഡ്രാമ ചിത്രമാണ് ടോബി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാനങ്ങളില്‍ ലഭിച്ച ചിത്രം മലയാളത്തില്‍ സെപ്റ്റംബര്‍ 22നാണ് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസായത്.
രാജ് ബി ഷെട്ടി, സംയുക്ത ഹോര്‍ണാഡ്, ചൈത്ര ജെ ആചാര്‍,ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി.
Content Highlights: Raj B Shetty’s view of Political Correctness in Cinemas