കെ.ജി.എഫിന് ശേഷം കന്നഡ സിനിമ കാന്താരയിലൂടെ വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. റിഷഭ് ഷെട്ടി അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്ത ചിത്രം മിത്തും കന്നഡ സംസ്‌കാരവുമെല്ലാം കൂടികലര്‍ന്നതായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സാണ് വലിയ തോതില്‍ ചര്‍ച്ചയായത്.
റിഷഭിന്റെ സുഹൃത്തും നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയാണ് ഈ ഭാഗങ്ങള്‍ സംവിധാനം ചെയ്തതെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഈ ആരോപണത്തില്‍ രാജ് ബി. ഷെട്ടി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. മേക്കപ്പിലായിരുന്നത് കൊണ്ട് റിഷഭിന് ടീമുമായി ആശയവിനിമയം സാധ്യമല്ലായിരുന്നുവെന്നും അതുകൊണ്ട് താന്‍ സഹായിക്കുകയായിരുന്നുവെന്നും രാജ് പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവസാനത്തെ ആക്ഷന്‍ സീക്വന്‍സെല്ലാം റിഷഭ് തന്നെയാണ് ചെയ്തിരിക്കുന്നത്. ആ സിനിമയിലെ മേക്കപ്പ് ചെയ്ത ആ ദൈവക്കോലം ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ സെറ്റില്‍ ഉണ്ടായിരുന്നു. അത് സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലുമാണ് വരുന്നത്. റിഷഭ് മേക്കപ്പ് ചെയ്ത് കോസ്റ്റിയൂമിലായിരുന്നു. അതുകൊണ്ട് റിഷഭിന് എന്തെങ്കിലും പറയാനോ ടീമുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനോ പറ്റിയില്ല.
അവന് ആ സമയം സഹായം വേണമായിരുന്നു. അതുകൊണ്ടാണ് ആ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത നാലഞ്ച് ദിവസം ഞാനവിടെ ഉണ്ടായിരുന്നത്. ആ ഭാഗങ്ങളില്‍ ഞാനും കാന്താരയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കാന്താര പാര്‍ട്ട് ടുവിനെ പറ്റി അവന്‍ എന്നോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് അത് ഇവിടെ പറയാന്‍ പറ്റില്ല.
ദൈവക്കോലമാവുമ്പോള്‍ ഉള്ള ശബ്ദം ഞങ്ങള്‍ സൃഷ്ടിച്ചെടുത്തതല്ല. അത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ദൈവ തലത്തിലേക്ക് ഒരു മനുഷ്യന്‍ പോകുമ്പോള്‍ കിട്ടുന്ന എനര്‍ജി അയാള്‍ക്ക് താങ്ങാന്‍ പറ്റില്ല. അത് നിയന്ത്രിക്കാന്‍ പറ്റാതെ വരുമ്പോഴാണ് ശബ്ദമായി പുറത്തേക്ക് വരുന്നത്. അത് ഞങ്ങള്‍ ഡിസൈന്‍ ചെയ്തതല്ല. കാലങ്ങളായി ഉള്ളതാണ്. അത് ഞങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചു,’ രാജ് പറഞ്ഞു.
Content Highlight: raj b shetty‘s response to the allegation that Kantara climax was shoot by him