| Thursday, 23rd May 2024, 5:39 pm

വില്ലനും, നായകനും, കോമഡിയും... ഇവിടെ എന്തും പോകും: കന്നഡ മുത്ത് രാജ്.ബി. ഷെട്ടി

അമര്‍നാഥ് എം.

കന്നഡ സിനിമയെന്നാല്‍ ബാംഗ്ലൂര്‍ മാത്രമാണെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് ഇന്‍ഡസ്ട്രിക്ക് പുതിയൊരു ഡൈമന്‍ഷന്‍ നല്‍കിയ സിനിമകളായിരുന്നു ഉളിഡവരു കണ്ടന്തേയും, ഒണ്ടു മൊട്ടെയ കഥെയും, കിറിക് പാര്‍ട്ടിയും. രക്ഷിത് ഷെട്ടി, രാജ്.ബി.ഷെട്ടി, റിഷബ് ഷെട്ടി എന്നിവര്‍ കന്നഡ സിനിമയെന്നാല്‍ മംഗലാപുരം അടങ്ങുന്ന ദക്ഷിണ കര്‍ണാടക കൂടിയാണെന്ന് ഇന്‍ഡസ്ട്രിക്ക് കാണിച്ചു കൊടുത്തു.

ഇതില്‍ ഒണ്ടു മൊട്ടെയ കഥെയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് രാജ്.ബി. ഷെട്ടി. ആദ്യ സിനിമ സംവിധാനം ചെയ്ത് അഭിനയിച്ച ശേഷം മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. ആര്‍.ആര്‍.ആര്‍ ഗ്യാങ്ങ് എന്നറിയപ്പെടുന്ന രക്ഷിത്, റിഷഭ്, രാജ് ഷെട്ടിമാരുടെ സിനിമകള്‍ ഭാഷയുടെ വേലിക്കെട്ട് തകര്‍ത്ത് ശ്രദ്ധ നേടി.

നായകവേഷം മാത്രം ചെയ്യാതെ സഹനടനായും കോമഡി നടനായും താരം അഭിനയിച്ചു. 777 ചാര്‍ലിയിലെ രസികനായ മൃഗഡോക്ടര്‍ കഥാപാത്രം ഇതിനൊരുദാഹരണമാണ്. രണ്ടാമത്തെ സംവിധാന സംരംഭമായ ഗരുഡ ഗമന വൃഷഭ വാഹന കേരളത്തിലും താരത്തിന് വലിയ ഫാന്‍ബേസ് ഉണ്ടാക്കി. ഒ.ടി.ടി റിലീസിന് ശേഷം കന്നഡ വെര്‍ഷന്‍ മാത്രം കണ്ട് നിരവധിപ്പേര്‍ രാജിന്റെ ആരാധകരായി മാറി.

മലയാളത്തില്‍ മമ്മൂട്ടി ചിത്രത്തില്‍ രാജ്.ബി. ഷെട്ടി വില്ലനായി എത്തുന്നു എന്ന വാര്‍ത്ത സിനിമക്ക് ഉണ്ടാക്കിയ ഹൈപ്പ് ചില്ലറയല്ല. ടര്‍ബോയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ എങ്ങനെയാകും താരത്തെ മലയാളത്തില്‍ അവതരിപ്പിക്കുക എന്ന ചിന്തയിലായിരുന്നു സിനിമാപ്രേമികള്‍. ടര്‍ബോയുടെ ട്രെയിലര്‍ റിലീസായപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് രാജ്.ബി. ഷെട്ടിയുടെ സ്വാഗായിരുന്നു.

സിനിമയിലും ആദ്യപകുതിയിലെ ഹൈ മൊമന്റ് രാജ്.ബി. ഷെട്ടിയുടെ ഇന്‍ട്രോ തന്നെയായിരുന്നു. എപ്പോഴും ജയം മാത്രം ആഗ്രഹിക്കുന്ന, എല്ലാം തന്റെ കാല്ക്കീഴില്‍ വേണമെന്ന് ചിന്തിക്കുന്ന വെട്രിവേല്‍ ഷണ്മുഖ സുന്ദരമെന്ന കൊടൂര വില്ലനായി തകര്‍പ്പന്‍ പ്രകടനമാണ് രാജ്.ബി. ഷെട്ടി കാഴ്ചവെച്ചത്. മമ്മൂട്ടിയുമായുള്ള ഫേസ് ഓഫ് സീനിലെ ഡയലോഗ് ഡെലിവെറി ഗംഭീരമായിരുന്നു.

ഗരുഡ ഗമനയിലെ ശിവ, ഒണ്ടു മൊട്ടെയ കഥയിലെ ജനാര്‍ദ്ദന്, ടോബിയിലെ തോബിയാസ് എന്നീ കഥാപാത്രങ്ങളെപ്പോലെ കരിയറിലെ ബെഞ്ച്മാര്‍ക്ക് വേഷം തന്നെയാണ് വെട്രിവേല്‍ ഷണ്മുഖവും. ഭാഷയുടെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് അയാളിലെ നടന്‍ ഇനിയും മുന്നേറട്ടെ.

Content Highlight: Raj B Shetty’s performance in Turbo movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more