ടോബി എന്ന പുതിയ ചിത്രത്തിനായി നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി നടത്തിയ ഡെഡിക്കേഷനെ കുറിച്ചുള്ള വീഡിയോ ശ്രദ്ധ നേടുകയാണ്. ഷൂട്ടിനായി അദ്ദേഹം മൂക്കു കുത്തിയെന്നും ഇത് സെപ്റ്റിക്കായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത നിലയിലേക്ക് രാജ് എത്തിയെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞത്.
‘സിനിമയുടെ അവസാനമാണ് മൂക്കുത്തിയിട്ടുള്ള രംഗങ്ങള്‍ വരുന്നത്. ആ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനെ പറ്റി അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. സാധാരണ മൂക്ക് കുത്തുമ്പോള്‍ വലിയ വേദനയുണ്ടാവില്ല. പ്രീ പ്രൊഡക്ഷന്‍ സമയത്ത് മൂക്ക് കുത്താമെന്നും ഷൂട്ട് തുടങ്ങുമ്പോള്‍ മുറിവ് ഉണങ്ങുമെന്നുമാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ആ പ്ലാന്‍ നടന്നില്ല.
രാവിലെ മൂക്കുത്തി ഇടണം. ദിവസം മുഴുവനും മുക്കുത്തി അണിഞ്ഞാണ് രാജ് വര്‍ക്ക് ചെയ്തത്. ഷൂട്ട് തുടങ്ങിയപ്പോള്‍ അത് വലിയ മുറിവായി. ഷൂട്ടിനായി ഉപയോഗിക്കുന്ന മൂക്കുത്തി വലുതും കനമുള്ളതുമായിരുന്നു. മുറിവ് ഗുരുതരമായതിനാല്‍ അദ്ദേഹത്തിന് ആഹാരം കഴിക്കാന്‍ പറ്റാതായി. വെള്ളവും ദ്രാവകങ്ങളും മാത്രം കുടിച്ചാണ് അദ്ദേഹം ആരോഗ്യം നിലനിര്‍ത്തിയത്.
മൂക്കുത്തി ധരിപ്പിക്കുന്നതും അഴിക്കുന്നതും ഭയാനകമായി. ഓരോ പ്രാവശ്യവും അദ്ദേഹം കൂടുതല്‍ വേദന അനുഭവിച്ചു. മുറിവ് സെപ്റ്റിക് ആയി, അത് ചുണ്ടിലേക്കും പടര്‍ന്നു. മുക്കൂത്തി മാറ്റുമ്പോള്‍ രക്തം വരും. ഒരു പ്രാവശ്യം ഷൂട്ടിനിടയില്‍ മൂക്കുത്തി എവിടെയോ കൊളുത്തി. അതിന്റെ വേദന വളരെ വലുതായിരുന്നു.
ഷൂട്ടിനിടയില്‍ രാജിന് പെയ്ന്‍ കില്ലേഴ്‌സ് കൊടുത്തു. ഷൂട്ടിനായി ഇത്രയും റിസ്‌കെടുക്കുന്നത് അത്യാവശമാണോയെന്ന് പോലും ഞങ്ങള്‍ ചിന്തിച്ചു. എന്നാല്‍ സ്‌ക്രീനില്‍ ഔട്ട്പുട്ട് കണ്ടപ്പോള്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നി,’ വീഡിയോയില്‍ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
രാജ് ബി. ഷെട്ടി തിരക്കഥ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയും നവാഗത സംവിധായകനുമായ ബാസില്‍ എ. എല്‍. ചാലക്കല്‍ ആണ്.
അഗസ്ത്യ ഫിലിംസും ലൈറ്റര്‍ ബുദ്ധ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കള്‍ട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ലൈറ്റര്‍ ബുദ്ധ ഫിലിംസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ടോബി. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 ന് ആണ് തീരുമാനിച്ചിരിക്കുന്നത്.
Content Highlight: raj b shetty’s dedication video for toby movie