| Thursday, 16th February 2023, 5:10 pm

നടന്മാര്‍ ഭാഷയുടെ പേരില്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു, ആരാണ് മോശം എന്ന് കാണിക്കാന്‍ വേണ്ടി പരസ്പരം മത്സരിക്കുന്നു: രാജ് ബി.ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ഇന്‍ഡസ്ട്രികള്‍ തമ്മില്‍ ഭാഷയുടെ പേരില്‍ വേര്‍തിരിവുണ്ടെന്നും, ആരാണ് മികച്ചെതെന്ന് കാണിക്കാനായി പരസ്പരം മത്സരിച്ച് കൊണ്ടിരിക്കുകയാണെന്നും കന്നട നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി.

ഭാഷയ്ക്കപ്പുറം സിനിമാ ഇന്‍ഡസ്ട്രി വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും, മലയാളത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ താനേറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

രാജ് ബി. ഷെട്ടി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന രുധിരം സിനിമയുടെ പൂജക്കിടയിലാണ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

‘നടന്മാര്‍ എല്ലായിപ്പോഴും ഭാഷയുടെ അതിര്‍ത്തി കൊണ്ട് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ആരാണ് മികച്ചത് ആരാണ് മോശം എന്ന് കാണിക്കാന്‍ വേണ്ടി പരസ്പരം മത്സരിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ ഒരു മാറ്റം ഇപ്പോള്‍ കണ്ട് വരുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

രൂധിരം സിനിമയുടെ തിരക്കഥ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും, മലയാളത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും താരം പറഞ്ഞു.

‘ഇത്ര നല്ലൊരു ഇന്‍ഡസ്ട്രിയില്‍, വലിയ കലാകരന്മാര്‍ക്കിടയില്‍ വര്‍ക്ക് ചെയ്യാനായതില്‍ ഞാന്‍ സന്തോഷവനാണ്. രുധിരം സിനിമയുടെ കഥ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ കഥാപാത്രത്തിന് നീതി പുലര്‍ത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

സത്യം പറഞ്ഞാല്‍ നല്ല പേടിയോടെയാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. കാരണം ഈ ഇന്‍ഡസ്ട്രിയും, ഭാഷയുമൊക്കെ എനിക്ക് പുതിയതാണ്. ഞാന്‍ വീണ്ടും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

2021ല്‍ രാജ് ബി. ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചതനാവുന്നത്. കന്നട സൂപ്പര്‍ താരം റിഷഭ് ഷെട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായെത്തുന്നത്. ചിത്രം ഈ വര്‍ഷം നവംബറില്‍ റിലീസിനെത്തും.

Content Highlight: Raj B Shetty comments on Indian film industry

We use cookies to give you the best possible experience. Learn more