| Monday, 10th June 2024, 9:17 pm

ആ സിനിമ ഇത്ര വലിയ വിജയമാകുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല: രാജ്.ബി. ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, നടന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച താരമാണ് രാജ്.ബി. ഷെട്ടി. ഒണ്ടു മൊട്ടെയ കഥെ എന്ന സിനിമ സംവിധാനം ചെയ്ത് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രാജ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. ഗരുഡ ഗമന വൃഷഭ വാഹന എന്ന സിനിമയിലൂടെയാണ് രാജ് മലയാളികള്‍ക്ക് സുപരിചിതനായത്.

പാന്‍ ഇന്ത്യന്‍ സെന്‍സേഷണലായ കാന്താരയിലെ ഭൂതക്കോലം സീനുകള്‍ സംവിധാനം ചെയ്തതും രാജ്.ബി. ഷെട്ടിയായിരുന്നു. കാന്താര കണ്ടപ്പോള്‍ നല്ലൊരു സിനിമയാകുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാല്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ലെന്നും രാജ് പറഞ്ഞു.

ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കാന്താരയും കെ.ജി.എഫും പുഷ്പയുമെല്ലാം ഒരു മാജിക്കാണെന്നും അതുപോലെ ചെയ്യാന്‍ നോക്കിയാല്‍ ഇനി നടക്കില്ലെന്നും രാജ്.ബി. ഷെട്ടി കൂട്ടിച്ചേര്‍ത്തു.

‘ഞാനും റിഷബും കാന്താര കണ്ടപ്പോള്‍ ഇതൊരു നല്ല സിനിമയാകുമെന്ന് മാത്രമേ വിചാരിച്ചിരുന്നുള്ളൂ. എന്നാല്‍ കന്നഡയില്‍ ഹിറ്റായതിന് പിന്നാലെ ആ സിനിമ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. എല്ലായിടത്തും ഹിറ്റായെന്നറിഞ്ഞപ്പോള്‍ റിഷബ് എന്നെ വിളിച്ചിട്ട് ‘എന്താണ് സംഭവിച്ചതെന്ന് അറിയില്ല, പക്ഷേ പ്രൊഡ്യൂസര്‍ വളരെ ഹാപ്പിയാണ്’ എന്നു പറഞ്ഞു.

വേറൊരു നാടിന്റെ സംസ്‌കാരം പറയുന്ന സിനിമ മറ്റ് നാട്ടുകാര്‍ എങ്ങനെ സ്വീകരിച്ചു എന്നായിരുന്നു എന്റെ ചിന്ത. കാന്താര, പുഷ്പ, കെ.ജി.എഫ് ഇതൊക്കെ ഒരു മാജിക്കാണ്. ഇത്രയധികം ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയിലല്ല ഈ സിനിമകളൊക്കെ ഇറങ്ങുന്നത്. മറ്റുള്ള ഓഡിയന്‍സിനും കൂടെ നന്നായി കണക്ടാകുന്നതുകൊണ്ടാണ് അതൊക്കെ ഹിറ്റായത്. അതുപോലെ ഹിറ്റാകണമെന്ന് വിചാരിച്ച് ചെയ്യാന്‍ നില്‍ക്കുന്നത് മണ്ടത്തരമാണ്,’ രാജ്.ബി. ഷെട്ടി പറഞ്ഞു.

Content Highlight: Raj B Shetty about the success of Kantara

We use cookies to give you the best possible experience. Learn more