കാന്താരയേക്കാള്‍ പത്തിരട്ടി വലിയ ചിത്രമായിരിക്കും കാന്താരയുടെ രണ്ടാം ഭാഗമെന്ന് സംവിധായകനും നടനുമായ രാജ് ബി. ഷെട്ടി. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിങ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നൂറ് കോടിയോളം ബജറ്റാണ് ചിത്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കാന്താരയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിച്ചത്.
‘ഇപ്പോള്‍ കാന്താര 2ന്റെ റൈറ്റിങ് സ്‌റ്റേജിലാണുള്ളത്. റിഷബ് മംഗളൂരുവില്‍ അത് എഴുതിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇതൊരു വലിയ ചിത്രമാണ്. കാന്താരയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് വളരെ വലിയ ചിത്രമാണ്. ഏകദേശം നൂറ് കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. കാന്താരക്ക് അത് ഉണ്ടായിരുന്നില്ല. ഒരുപക്ഷേ കാന്താരയേക്കാള്‍ പത്തിരട്ടി വലിയ ചിത്രമായിരിക്കും രണ്ടാം ഭാഗം,’ രാജ് ബി. ഷെട്ടി പറഞ്ഞു.
ചാര്‍ളിയുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്ന അവതാരകയുടെ ചോദ്യത്തിനും രാജ് മറുപടി നല്‍കി.
‘ചാര്‍ളി ടുവിന്റെ ഐഡിയകളൊന്നുമില്ല. ആ ചിത്രത്തിന്റെ സംവിധായകന്‍ മറ്റൊരു ചിത്രം എഴുതുന്നുണ്ട്. ഞങ്ങളില്‍ ഒരു ‘ആര്‍’ (രാജ് ബി. ഷെട്ടി, റിഷഭ് ഷെട്ടി, രാക്ഷിത് ഷെട്ടി) ആ ചിത്രത്തിലുണ്ടായിരിക്കും. അതാരായിരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം,’ രാജ് ബി. ഷെട്ടി പറഞ്ഞു.
കാന്താരയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ താനായിരുന്നില്ല സംവിധാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ഇല്ല, ഞാനായിരുന്നില്ല. അതില്‍ ഫൈറ്റിന്റെ ഭാഗമെല്ലാം റിഷഭ് തന്നെയാണ് ചെയ്തത്. ഇതിന് വേണ്ടി റിഷഭ് നന്നായി പ്രാക്ടീസ് ചെയ്തു. ചിത്രത്തിലെ തെയ്യക്കോലം ആദ്യ ഭാഗത്തും അവസാന ഭാഗത്തുമായി വരുന്നുണ്ട്.
അതിന് എന്താണോ വേണ്ടത്, അതിന്റെ കൊറിയോഗ്രാഫിയുമെല്ലാം ഞാനാണ് ചെയ്തത്. അതിലെ സ്റ്റാര്‍ട്ടിങ്ങും എന്‍ഡിങ്ങും ഇടയിലുള്ള കുറച്ചു ഭാഗങ്ങളും ഞാന്‍ എഴുതി. അത്രയേ ഉള്ളൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlight: Raj B Shetty about sequal of Kantara