| Wednesday, 27th September 2023, 4:30 pm

അപ്പോഴാണ് ഞങ്ങള്‍ മൂന്ന് പേരും ഒരുപോലെയാണെന്ന് മനസിലായത്; രക്ഷിത്തിനെയും റിഷബിനെയും കുറിച്ച് രാജ് ബി. ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ രക്ഷിത് ഷെട്ടിയെയും റിഷബ് ഷെട്ടിയെയും കുറിച്ച് സംസാരിക്കുകയാണ് രാജ് ബി. ഷെട്ടി. എങ്ങനെയാണ് മൂവരും കണ്ടുമുട്ടിയതെന്നും സിനിമ എങ്ങനെയാണ് ഇവര്‍ക്കിടയിലെ ബന്ധം ദൃഢമാക്കിയതെന്നും രാജ് ബി. ഷെട്ടി പറഞ്ഞു.

ഇവര്‍ മൂവരും സഹോദരന്‍മാരായിരുന്നു എന്നായിരുന്നു പലരുടെയും ധാരണയെന്നും മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ വന്നപ്പോള്‍ ഈ ചോദ്യം കേട്ടിട്ടുണ്ടെന്നും റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ രാജ് ബി. ഷെട്ടി പറഞ്ഞു.

‘ഞാന്‍ രുധിരം എന്ന മലയാളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അവിടെ ഒരാള്‍ വന്ന് എന്നോടൊരു ചോദ്യം ചോദിച്ചു. രാജ്, റിഷബ്, രക്ഷിത്, നിങ്ങള്‍ മൂന്ന് പേരും സിനിമയില്‍ വന്നില്ലേ, നിങ്ങളുടെ അച്ഛന്‍ ഇത് സമ്മതിച്ചിരുന്നോ? എന്നാണ് ചോദിച്ചത്.

ഞങ്ങള്‍ സഹോദരന്‍മാരല്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് അത്ഭുതമായി. എന്നെ കണ്ടാല്‍ നിങ്ങള്‍ക്ക് രക്ഷിത്തിന്റെയും റിഷബിന്റെയും സഹോദരനാണെന്ന് തോന്നുന്നുണ്ടോ?

ഞങ്ങള്‍ മൂവരും സഹോദരന്‍മാരാണ്, അതും ഒരു കുടുംബത്തില്‍ നിന്നും വരുന്നവരാണ് എന്നാണ് പലരും കരുതിയിരിക്കുന്നത്. മൂന്ന് പേരുടെയും പേരിന്റെ അവസാനം ഷെട്ടി എന്നുണ്ട്. രാജ്, റിഷഭ്, രക്ഷിത് എന്ന പേരിലും സാമ്യമുണ്ട്. അച്ഛന്‍ അങ്ങനെ ഇട്ടതായിരിക്കാം എന്ന് കരുതിക്കാണും,’ രാജ് പറഞ്ഞു.

സിനിമയില്‍ നിന്നുമാണ് ഇവര്‍ തമ്മിലുള്ള സൗഹൃദം ഉടലെടുത്തതെന്നും രാജ് ബി. ഷെട്ടി പറഞ്ഞു.

‘ സിനിമയില്‍ നിന്നുമാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്. അതിന് മുമ്പ് ഞങ്ങള്‍ക്കിടയില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ വളരെ അടുത്ത കൂട്ടുകാരാണ്. ഉളിദവര്‍ കണ്ടതേ എന്ന സിനിമ ചെയ്തതിനാല്‍ അവര്‍ രണ്ട് പേരും നേരത്തെ കൂട്ടുകാരായിരുന്നു. അതിന് ശേഷം ഞാന്‍ ഒന്തു മൊട്ടയെ കഥൈ ചെയ്തു. സിനിമ റിലീസ് ചെയ്തിന് ശേഷം രക്ഷിത് എന്നെ വിളിച്ചു. രക്ഷിത്തിന് സിനിമ വളരെ ഇഷ്ടമായിരുന്നു. ഞാന്‍ അവന്റെ വീട്ടില്‍ പോയി.

പരസ്പരം സംസാരിച്ചപ്പോഴാണ് ഞങ്ങള്‍ മൂന്ന് പേരും ഒരുപോലെയാണെന്ന് മനസിലായത്. മൂന്ന് പേര്‍ക്കും സിനിമയോട് വലിയ അഭിനിവേശമാണുള്ളത്. മൂന്ന് പേരുടെയും കള്‍ച്ചറല്‍ ബാക്ക്ഗ്രൗണ്ട് ഒന്നാണ്. എന്റെയും രക്ഷിത്തിന്റെയും മാതൃഭാഷ തുളുവാണ്. ഇതെല്ലാം സംഭവിക്കുമ്പോള്‍ നമുക്ക് എളുപ്പത്തില്‍ അവരുമായി സംസാരിക്കാന്‍ പറ്റും. എല്ലാവരും സിനിമയെ കുറിച്ചാണ് നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുന്നത്.

എനിക്ക് കുറച്ച് എക്‌സ്‌പ്ലൊറേഷന്‍ വേണ്ടിയിരുന്നു. കാരണം ഞാന്‍ കര്‍ണാടകയിലെ ചെറിയ ഭാഗത്ത് നിന്നുള്ള, മംഗളൂരുവില്‍ നിന്നുള്ള ഒരു സ്വതന്ത്ര സംവിധായകനാണ്. രക്ഷിത്തും റിഷഭും ബെംഗളൂരുവില്‍ സെറ്റിലായവരാണ്. 15 വര്‍ഷത്തോളമായി അവരവിടെയാണ്.

എഴുത്തുകാരനായി ഒരുപാട് ചിത്രത്തില്‍ വര്‍ക് ചെയ്യണം, എങ്ങനെയാണ് ആളുകള്‍ വര്‍ക് ചെയ്യുന്നതെന്ന് നിരീക്ഷിക്കണം, എന്നൊക്കെ എനിക്ക് തോന്നി. ഇത് ഞാന്‍ റിഷഭിനോട് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു പടം ചെയ്യുന്നുണ്ട്, അത് എഴുതാന്‍ പറ്റുമോ എന്ന് എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാന്‍ സര്‍കാരി നമസ്‌തേ പ്രാ. ശാലേ കാസറഗോഡു എഴുതുന്നത്. ഇതിന് ശേഷം ഞങ്ങള്‍ ഒന്നുകൂടി ക്ലോസ് ആയി.

ഇതുകൊണ്ട് എനിക്ക് തൃപ്തി വന്നില്ല, എനിക്ക് ഇനിയും എഴുതണമായിരുന്നു. അങ്ങനെ ഞാന്‍ ചാര്‍ളി 777 എഴുതി. അങ്ങനെയാണ് ഞാന്‍ എല്ലാവര്‍ക്കുമൊപ്പം വര്‍ക് ചെയ്തതും ഞങ്ങള്‍ ഫ്രണ്ട്‌സ് ആയതും,’ രാജ് ബി. ഷെട്ടി പറഞ്ഞു.

Content highlight: Raj B Shetty about Rishabh Shetty and Rakshit Shetty

We use cookies to give you the best possible experience. Learn more