ആ സിനിമ കണ്ട് മലയാളികള്‍ എന്നെ ടാഗ് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി: രാജ് ബി. ഷെട്ടി
Entertainment
ആ സിനിമ കണ്ട് മലയാളികള്‍ എന്നെ ടാഗ് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി: രാജ് ബി. ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th September 2023, 7:48 pm

ഗരുഡ ഗമന റിഷഭ വാഹന എന്ന സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്നും ഒരുപാട് മെസേജുകള്‍ വന്നെന്നും തന്നെ ആളുകള്‍ ടാഗ് ചെയ്യുന്നതുകണ്ടപ്പോള്‍ ശരിക്കും അത്ഭുതം തോന്നിയെന്നും സംവിധായകന്‍ രാജ് ബി. ഷെട്ടി.

വളരെ ചെറിയ ചുറ്റുപാടില്‍ നിന്ന് വന്നതുകൊണ്ട് നമ്മുടെ വര്‍ക്ക് വ്യാപകമായി ആളുകളിലേക്കെത്തുന്നത് വലിയ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടോബി എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ മീഡിയവണ്ണിനോട് പങ്കുവെക്കുന്നതിനിടെയാണ് രാജ് ബി. ഷെട്ടി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘സത്യത്തില്‍ ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു. ഗരുഡ ഗമന റിഷഭ വാഹന ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എന്നെ ടാഗ് ചെയ്യാനും സിനിമ കണ്ട് മെസേജ് അയക്കാനൊക്കെ തുടങ്ങി. കാര്യമെന്താണെന്ന് വെച്ചാല്‍ നമ്മള്‍ വരുന്നത് വളരെ സിംപിള്‍ ആയിട്ടുള്ള അന്തരീക്ഷത്തില്‍ നിന്നാണല്ലോ.

അന്തുകൊണ്ടുതന്നെ നമ്മുടെ വര്‍ക്ക് ബൗണ്ടറീസ് കടന്നുപോകുന്നത് കാണുമ്പോള്‍ പെട്ടെന്ന് തലയില്‍ രജിസ്റ്റര്‍ ആയിക്കൊള്ളണമെന്നില്ല. കേരളത്തില്‍ നിന്ന് ഇത്ര വലിയ സ്വീകാര്യത കിട്ടിയില്‍ ഞങ്ങള്‍ വലിയ ലക്കിയാണെന്നാണ് തോന്നിയത്,’ രാജ് ബി. ഷെട്ടി പറഞ്ഞു.

മലയാളം സിനിമകളുടെ ആരാധകനായതിനെ പറ്റിയും രാജ് അഭിമുഖത്തില്‍ സംസാരിച്ചു. മലയാളം സിനിമ കുറച്ച് താമസിച്ചാണ് താന്‍ കാണാന്‍ തുടങ്ങിയതെന്നും ചെറുപ്പത്തില്‍ മലയാളവും അവരുടെ സംസ്‌കാരവും എന്താണെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ആദ്യമായി തിയേറ്ററില്‍ കണ്ട മലയാളം സിനിമ ഉസ്താദ് ഹോട്ടലാണ്. പിന്നെ ബാംഗ്ലൂര്‍ ഡേയ്സ് കണ്ടു. പ്രേമം, മഹേഷിന്റെ പ്രതികാരം, ഓം ശാന്തി ഓശാന ഒക്കെ കണ്ടു. പിന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വര്‍ക്കുകള്‍ കാണാന്‍ തുടങ്ങി. അതിന് ശേഷം ദിലീഷ് പോത്തന്റെ സിനിമകള്‍ കാണാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ മലയാളം സിനിമയുടെ വലിയ ആരാധകനാണ്,’ രാജ് ബി.ഷെട്ടി പറഞ്ഞു.

നവാഗതനായ ബാസില്‍ എ.എല്‍ ചാലക്കല്‍ സംവിധാനം ചെയ്ത് ടി.കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിര്‍വഹിച്ച ആക്ഷന്‍ ഡ്രാമ ചിത്രമാണ് ടോബി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാനങ്ങളില്‍ ലഭിച്ച ചിത്രം മലയാളത്തില്‍ സെപ്റ്റംബര്‍ 22നാണ് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസായത്.

രാജ് ബി ഷെട്ടി, സംയുക്ത ഹോര്‍ണാഡ്, ചൈത്ര ജെ ആചാര്‍,ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി.

Content Highlights: Raj B Shetty about Malayali audience of his film