രജിനികാന്ത് ചിത്രം ജയിലറില്‍ ഏറ്റവും ജനപ്രീതി നേടിയ കാമിയോകളിലൊന്നായിരുന്നു കന്നഡതാരം ശിവരാജ് കുമാറിന്റെ നരസിംഹ. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ഇന്‍ട്രോയും സെക്കന്റ് ഇന്‍ട്രോയുമെല്ലാം തിയേറ്ററില്‍ വലിയ കയ്യടി നേടിയിരുന്നു.
ജയിലര്‍ കണ്ടതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകനും നടനുമായ രാജ് ബി. ഷെട്ടി. കര്‍ണാടക കാണിച്ച രംഗങ്ങള്‍ കണ്ട് താന്‍ ചിരിക്കുകയായിരുന്നുവെന്നും മംഗലാപുരത്തിന്റെ സംസ്‌കാരമാണ് മണ്ഡ്യയില്‍ കാണിച്ചതെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലറില്‍ കര്‍ണാടക കാണിച്ചപ്പോള്‍ മംഗലാപുരം കള്‍ച്ചര്‍ കാണിച്ചത് പോലെയാണ് തോന്നിയതെന്നും അത് കാന്താരയുടെ സ്വാധീനമാണോ എന്നുമാണ് അവതാരകന്‍ ചോദിച്ചത്.
‘അത് സിനിമയുടെ ഒരു ബ്യൂട്ടി ആണ്. അത് കണ്ടപ്പോള്‍ ഞങ്ങള്‍ ചിരിക്കുകയായിരുന്നു. ജയിലറില്‍ മാണ്ഡ്യ എന്ന സ്ഥലമാണ് കാണിക്കുന്നത്. മാണ്ഡ്യയില്‍ പുലികളിയില്ല. എങ്ങനെ വരും? അത് മംഗലാപുരത്തുള്ള സാധനമല്ലേ.
ഒരു സിനിമയില്‍ കാണിക്കുന്ന സംസ്‌കാരിക ഘടകം ഏതാണോ അത് ആ സംസ്ഥാനത്തിന്റെ മൊത്തം ഘടകമായി മാറും. ഉദാഹരണമായി എന്ന് നിന്റെ മൊയ്തീന്‍ കണ്ട ഒരാള്‍ തെയ്യം കൊച്ചിയിലും കോട്ടയത്തും ഉണ്ടാകുമെന്ന് കരുതും. ഇത് കണ്ണൂരിന്റെ സംസ്‌കാരമാണെന്ന് അവര്‍ക്ക് മനസിലാവില്ല. സംസ്‌കാരത്തിന്റെ സാരാംശം അറിയാത്തതുകൊണ്ടാണത്.
മണ്ഡ്യയില്‍ പുലികളിയില്ല. പിന്നെ കര്‍ണാടക കാണിക്കുന്ന രംഗത്തില്‍ എന്തിനാണ് ഡാന്‍സ് കളിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല,’ രാജ് പറഞ്ഞു.
ടോബിയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന രാജ് ബി. ഷെട്ടിയുടെ ചിത്രം. രാജ് തന്നെ എഴുതിയ ടോബിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ബാസില്‍ എ.എല്‍. ചാലക്കല്‍ ആണ്. ചൈത്ര ജെ. ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. കേരളത്തിലെ തിയേറ്ററുകളിലേക്ക് സെപ്റ്റംബര്‍ 22 ന് ടോബി റിലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.
Content Highlight: Raj b shetty about Jailer