ടര്‍ബോയിലെ എന്റെ ആ സീനുകള്‍ കട്ട് ചെയ്ത് കളഞ്ഞതില്‍ എനിക്ക് സങ്കടമില്ല, എന്റെ കല്യാണ ആല്‍ബമൊന്നുമല്ലല്ലോ: രാജ് ബി.ഷെട്ടി
കന്നഡ ഇന്‍ഡസ്ട്രിയിലെ മികച്ച നടന്മാരില്‍ ഒരാളാണ് രാജ് ബി. ഷെട്ടി. സാന്‍ഡല്‍വുഡിന്റെ ഗതി മാറ്റിയ നടന്മാരില്‍ രാജ് ബി. ഷെട്ടിയുടെ പേരും പറഞ്ഞ് കേള്‍ക്കാറുണ്ട്. ആദ്യ ചിത്രം കഥയെഴുതി സംവിധാനം ചെയ്ത് അതില്‍ പ്രധാന വേഷവും ചെയ്തയാളാണ് രാജ് ബി.ഷെട്ടി. ഒണ്ടു മൊട്ടെയെ കഥെ എന്ന ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 2021ല്‍ റിലീസായ ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലൂടെ കേരളത്തിലും ഇദ്ദേഹത്തിന് ആരാധകരുണ്ടായി. ചിത്രത്തിന്റെ സംവിധായകനും രാജ് ബി. ഷെട്ടിയായിരുന്നു.
മമ്മൂട്ടി നായകനായ ടര്‍ബോയിലൂടെ മലയാളത്തിലും താരം അരങ്ങേറി. ചിത്രത്തിലെ വില്ലനായ വെട്രിവേല്‍ ഷണ്‍മുഖസുന്ദരം എന്ന കഥാപാത്രത്തെയാണ് രാജ് അവതരിപ്പിച്ചത്. ചിത്രം വിജയമായതോടൊപ്പം രാജ് ബി. ഷെട്ടിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചിത്രത്തില്‍ വെട്രിവേലിന്റെ ഫ്‌ളാഷ്ബാക്ക് കാണിക്കുന്ന രംഗങ്ങള്‍ ഡ്യൂറേഷന്‍ കാരണം ഒഴിവാക്കിയെന്ന് സംവിധായകന്‍ വൈശാഖ് അടുത്തിടെ പറഞ്ഞിരുന്നു. അതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് രാജ് ബി. ഷെട്ടി.
തന്റെ സീനുകള്‍ ഒഴിവാക്കിയതില്‍ യാതൊരു വിഷമവുമില്ലെന്നും സങ്കടപ്പെടാന്‍ അത് തന്റെ കല്യാണ ആല്‍ബമല്ലല്ലോ എന്നും രാജ് ബി. ഷെട്ടി പറഞ്ഞു. അഭിനേതാവ് എന്നതിനെക്കാള്‍ താന്‍ ഒരു ടെക്‌നീഷ്യനാണെന്നും സിനിമയുടെ ഡ്യൂറേഷനെ ബാധിക്കുന്ന സീനുകള്‍ ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്നും രാജ് കൂട്ടിച്ചേര്‍ത്തു. സിനിമക്ക് എന്താണോ ആവശ്യം അത് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും രാജ് പറഞ്ഞു. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടര്‍ബോയിലെ എന്റെ സീനുകള്‍ എഡിറ്റിങ്ങില്‍ ഒഴിവാക്കിയതില്‍ എനിക്കൊരു വിഷമവുമില്ല. അതെന്റെ കല്യാണ ആല്‍ബമൊന്നുമല്ലല്ലോ, എല്ലാ സീനുകളും വരണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. മാത്രമല്ല, നടന്‍ എന്നതിനെക്കാള്‍ ഞാന്‍ ഒരു ടെക്‌നീഷ്യനാണ്, സംവിധായകനാണ്. അതുകൊണ്ട് ഒരു സിനിമക്ക് ആവശ്യമുള്ള സീന്‍ മാത്രമേ ഓഡിയന്‍സിന്റെ മുന്നില്‍ എത്തിക്കാന്‍ പാടുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നമ്മള്‍ ചിലപ്പോള്‍ വളരെ പാടുപെട്ട് ചെയ്ത ഏതെങ്കിലും സീനാണ്, അത് എന്തായാലും വരണം എന്നൊന്നും പറയാന്‍ പറ്റില്ല. സിനിമയുടെ ഫ്‌ളോയുമായി ആ സീന്‍ ചേര്‍ന്നുപോകുന്നുണ്ടോ ഇല്ലയോ എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. അല്ലാതെയുള്ള സീനുകള്‍ ഒഴിവാക്കുന്നതില്‍ വിഷമിച്ചിട്ട് കാര്യമില്ല,’ രാജ് ബി. ഷെട്ടി പറഞ്ഞു.
Content Highlight: Raj B Shetty about his deleted scenes in Turbo movie