| Thursday, 12th October 2023, 4:25 pm

ഇറോട്ടിക് സീനോ പഞ്ച് ഡയലോഗോ ഐറ്റം ഡാന്‍സോ ഇല്ലാതെയാണ് ആ ഗ്യാങ്‌സ്റ്റര്‍ സിനിമയെടുത്തത്, ഭാഗ്യവശാല്‍ അത് വിജയിച്ചു: രാജ് ബി. ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് രാജ് ബി. ഷെട്ടി, റിഷഭ് ഷെട്ടി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഗരുഡ ഗമന വൃഷഭ വാഹന. രാജ് ബി. ഷെട്ടി തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തെ പറ്റി സംസാരിക്കുകയാണ് രാജ് ബി. ഷെട്ടി. സാധാരണ ഗ്യാങ്‌സറ്റര്‍ സിനിമകള്‍ക്ക് വിപരീതമായി പഞ്ച് ഡയലോഗും ഐറ്റം ഡാന്‍സും ഒന്നുമില്ലാതെയാണ് ഗരുഡ ഗമന വൃഷഭ വാഹന ചെയ്തതെന്ന് രാജ് പറഞ്ഞു. ചിത്രത്തില്‍ എഴുത്തില്‍ പരമാവധി പരീക്ഷണങ്ങള്‍ നടത്തിയെന്നും ഭാഗ്യവശാല്‍ അത് വിജയിച്ചുവെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ രാജ് ബി. ഷെട്ടി പറഞ്ഞു.

‘ഗരുഡ ഗമന വൃഷഭ വാഹന ചെയ്യുന്നതിന് മുമ്പ് ഞാന്‍ യക്ഷഗാനം കണ്ടിരുന്നു. ഇവിടുത്തെ കഥകളി പോലെ ഒരു കലാരൂപമാണ്. അതില്‍ ദേവി മാഹാത്മ്യത്തിന്റെ ഒരു സ്റ്റോറി വന്നു. അതില്‍ ശിവന്‍, വിഷ്ണു, ബ്രഹ്‌മാവ് എന്നിവര്‍ക്ക് ദേവി ജന്മം നല്‍കിയതായാണ് കാണിക്കുന്നത്. അവളാണ് പിന്നെ ഇവര്‍ക്ക് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ കൊടുക്കുന്നത്. ബ്രഹ്‌മന് സൃഷ്ടിയും വിഷ്ണുവിന് സ്ഥിതിയും ശിവന് ലയവും കൊടുത്തു. എന്നാല്‍ അതിന് ശേഷം അവര്‍ പരസ്പരം തര്‍ക്കമായി. ഞാനാണ് വലിയവന്‍ എന്ന് മൂന്ന് പേരും പറയാന്‍ തുടങ്ങി. അതാണ് ഗരുഡ ഗമന വൃഷഭ വാഹന ആയി മാറിയത്.

ഒരു ഗ്യാങ്സ്റ്റര്‍ സിനിമക്കായി കുറെ സെറ്റപ്പുകളുണ്ട്. ഒരു ബാക്ക് ലൈറ്റ്, ഒരു പഞ്ച് ഡയലോഗ്, ഒരു ഹീറോയിന്‍, ഇറോട്ടിക്കായ സീന്‍, ഒരു ഐറ്റം ഡാന്‍സ് ഇതൊക്കെ വേണം. അതൊരു ഹാബിറ്റ് ആയി മാറി. ഇതൊന്നുമില്ലാതെ എനിക്ക് ഒരു സിനിമ ചെയ്യണമായിരുന്നു.

ഗരുഡ ഗമനക്ക് സ്ട്രക്ചറില്ല. എപ്പിസോഡിക്കലായി പോവും. ഇത് സാധാരണ കണ്ടുവരുന്ന തരത്തിലുള്ള ഒരു സിനിമ ആയിരുന്നില്ല. എഴുത്തില്‍ പരമാവധി പരീക്ഷണങ്ങള്‍ നടത്താനായി ഞാന്‍ ആഗ്രഹിച്ചു. ഭാഗ്യവശാല്‍ അത് വര്‍ക്കായി,’ രാജ് ബി. ഷെട്ടി പറഞ്ഞു.

ടോബിയാണ് പുതുതായി റിലീസ് ചെയ്ത രാജിന്റെ ചിത്രം. രാജ് തന്നെ എഴുതിയ ടോബിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ബാസില്‍ എ.എല്‍. ചാലക്കല്‍ ആണ്. ചൈത്ര ജെ. ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Raj B shetty about Garud Gamana vrishabha vahana

We use cookies to give you the best possible experience. Learn more