തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് രാജ് ബി. ഷെട്ടി, റിഷഭ് ഷെട്ടി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഗരുഡ ഗമന വൃഷഭ വാഹന. രാജ് ബി. ഷെട്ടി തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തെ പറ്റി സംസാരിക്കുകയാണ് രാജ് ബി. ഷെട്ടി. സാധാരണ ഗ്യാങ്‌സറ്റര്‍ സിനിമകള്‍ക്ക് വിപരീതമായി പഞ്ച് ഡയലോഗും ഐറ്റം ഡാന്‍സും ഒന്നുമില്ലാതെയാണ് ഗരുഡ ഗമന വൃഷഭ വാഹന ചെയ്തതെന്ന് രാജ് പറഞ്ഞു. ചിത്രത്തില്‍ എഴുത്തില്‍ പരമാവധി പരീക്ഷണങ്ങള്‍ നടത്തിയെന്നും ഭാഗ്യവശാല്‍ അത് വിജയിച്ചുവെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ രാജ് ബി. ഷെട്ടി പറഞ്ഞു.
‘ഗരുഡ ഗമന വൃഷഭ വാഹന ചെയ്യുന്നതിന് മുമ്പ് ഞാന്‍ യക്ഷഗാനം കണ്ടിരുന്നു. ഇവിടുത്തെ കഥകളി പോലെ ഒരു കലാരൂപമാണ്. അതില്‍ ദേവി മാഹാത്മ്യത്തിന്റെ ഒരു സ്റ്റോറി വന്നു. അതില്‍ ശിവന്‍, വിഷ്ണു, ബ്രഹ്‌മാവ് എന്നിവര്‍ക്ക് ദേവി ജന്മം നല്‍കിയതായാണ് കാണിക്കുന്നത്. അവളാണ് പിന്നെ ഇവര്‍ക്ക് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ കൊടുക്കുന്നത്. ബ്രഹ്‌മന് സൃഷ്ടിയും വിഷ്ണുവിന് സ്ഥിതിയും ശിവന് ലയവും കൊടുത്തു. എന്നാല്‍ അതിന് ശേഷം അവര്‍ പരസ്പരം തര്‍ക്കമായി. ഞാനാണ് വലിയവന്‍ എന്ന് മൂന്ന് പേരും പറയാന്‍ തുടങ്ങി. അതാണ് ഗരുഡ ഗമന വൃഷഭ വാഹന ആയി മാറിയത്.