രാജ് ബി. ഷെട്ടിയുടെ സംവിധാനത്തില്‍ 2007ല്‍ പുറത്തുവന്ന ചിത്രമാണ് ഒണ്ടു മൊട്ടേയ് കഥൈ. രാജ് ബി. ഷെട്ടി തന്നെ നായകനായ ചിത്രം പിന്നീട് മലയാളത്തിലേക്ക് തമാശ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. വിനയ് ഫോര്‍ട്ടായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്.
ഒണ്ടു മൊട്ടേയ കഥൈയിലും വിനയ് ഫോര്‍ട്ടിനെ തന്നെയാണ് ആദ്യം നായകനായി ആലോചിച്ചിരുന്നതെന്ന് പറയുകയാണ് രാജ് ബി. ഷെട്ടി. പിന്നീട് ആ തീരുമാനം ഉപേക്ഷിക്കേണ്ടി വന്നതിനെ പറ്റിയും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ രാജ് പറഞ്ഞു.
‘ഒണ്ടു മൊട്ടേയ് കഥൈ ചെയ്യുമ്പോള്‍ ആദ്യത്തെ ഐഡിയ വിനയ് ഫോര്‍ട്ടിനെ കൊണ്ടുവരുന്നതായിരുന്നു. സിങ്ക് സൗണ്ടിലായിരുന്നു സിനിമ. അദ്ദേഹത്തിന് അത്ര ഫ്‌ളുവന്‍സി വരാന്‍ ചാന്‍സേയില്ല. അങ്ങനെ അത് ഡ്രോപ്പായി. ആള്‍ക്കും അതിനെ പറ്റി അറിയില്ല. പക്ഷേ റീമേക്ക് വന്നപ്പോള്‍ അത് വിനയ് ഫോര്‍ട്ടിലേക്ക് തന്നെയെത്തി,’ രാജ് പറഞ്ഞു.
മലയാളം സിനിമകളുടെ ആരാധകനായതിനെ പറ്റിയും രാജ് അഭിമുഖത്തില്‍ സംസാരിച്ചു. ‘ഗരുഡ ഗമന റിഷഭ വാഹന ഒ.ടി.ടിയില്‍ റിലീസ് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്നും ഒരുപാട് മെസേജുകള്‍ വന്നു. അവിടെ ആരാണ് എന്റെ സിനിമ കാണുന്നത് എന്നാണ് അപ്പോള്‍ ഞാന്‍ ചിന്തിച്ചത്. ഇവിടെ ആ പടം അങ്ങനെ ചര്‍ച്ചയാവുന്നുണ്ടെന്ന് പിന്നെയാണ് എനിക്ക് മനസിലായത്.
മലയാളം സിനിമ കുറച്ച് താമസിച്ചാണ് ഞാന്‍ കാണാന്‍ തുടങ്ങിയത്. ചെറുപ്പത്തില്‍ മലയാളവും അവരുടെ സംസ്‌കാരവും എന്താണെന്ന് അറിയില്ലായിരുന്നു. പിന്നെ ഡിഗ്രി വരെ എന്റെ വീട്ടില്‍ ഒരു ടി.വി. ഇല്ലായിരുന്നു.
ഞാന്‍ ആദ്യമായി തിയേറ്ററില്‍ കണ്ട മലയാളം സിനിമ ഉസ്താദ് ഹോട്ടലാണ്. പിന്നെ ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടു. പ്രേമം, മഹേഷിന്റെ പ്രതികാരം, ഓം ശാന്തി ഓശാന ഒക്കെ കണ്ടു. പിന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വര്‍ക്കുകള്‍ കാണാന്‍ തുടങ്ങി. അതിന് ശേഷം ദിലീഷ് പോത്തന്റെ സിനിമകള്‍ കാണാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ മലയാളം സിനിമയുടെ വലിയ ആരാധകനാണ്,’ രാജ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവുമധികം കണ്ട മലയാള സിനിമ തൊണ്ടിമുതലും ദൃക്സാക്ഷിയുമാണെന്ന് രാജ് ബി. ഷെട്ടി പറഞ്ഞു. രണ്ടുമൂന്ന് വട്ടം തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടിട്ടുണ്ടെന്നും ബാംഗ്ലൂള്‍ ഡേയ്സും അത്രയും തവണ കണ്ടിട്ടുണ്ടെന്നും രാജ് പറഞ്ഞു. ഫഹദ് ഫാസിലാണ് തന്റെ ഇഷ്ട മലയാള നടനെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Raj B says that Vinay Forte was initially thought of as the hero in Ondu Moteya Kadhai