| Thursday, 29th October 2020, 8:36 pm

വിവാഹ പ്രായപരിധി ഉയര്‍ത്തല്‍ സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമോ?

അന്ന കീർത്തി ജോർജ്

2020 ആഗസ്ത് 15 ന് നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയിരുന്നു. സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21 വയസ്സായി ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും ഇതേക്കുറിച്ച് പഠനം നടത്തുന്നതിനായി ദൗത്യസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. പ്രധാനമന്ത്രിക്ക് മുന്‍പ് തന്നെ ധനമന്ത്രി നിര്‍മല സീതാരാമനും സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് മാതൃമരണനിരക്ക് കുറയ്ക്കുന്നതിനും പെണ്‍കുട്ടികളുടെ പോഷക സമൃദ്ധിയും ആരോഗ്യവും വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും പറഞ്ഞത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വിവാഹപ്രായ പുനര്‍നിര്‍ണയത്തിനായി നിയോഗിച്ച ദൗത്യസംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് ബജറ്റ് പ്രഖ്യാപനവേളയില്‍ നിര്‍മല സീതാരാമന്‍ അറിയിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം വ്യത്യസ്തങ്ങളായ ചര്‍ച്ചകള്‍ക്കാണ് കേരളത്തില്‍ വഴിവെച്ചിരിക്കുന്നത്. വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയപ്പോള്‍ ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉന്നംവെയ്ക്കുന്ന ലക്ഷ്യത്തിലെ അപ്രയോഗികതയും വിവാഹപ്രായം ഉയര്‍ത്തുന്നതിലെ അവ്യക്തതയുമാണ് ചിലര്‍ മുന്നോട്ടുവെയ്ക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളുടെ ഉന്നമനം എന്നാല്‍ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ മാത്രമായി ഒതുങ്ങുന്നതില്‍ അര്‍ത്ഥമില്ലെന്നും വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള കാര്യക്ഷമമായ നടപടികളാണ് വേണ്ടെതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നമെന്ന നടപടി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേരളത്തില്‍ വിവാഹങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തിന് ശേഷമേ വിവാഹം നടക്കൂവെന്ന ഭയത്തിലാണ് പല കുടുംബങ്ങളും എത്രയും പെട്ടെന്നുതന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ചെറിയ പ്രായത്തില്‍ വിവാഹതിരാവുന്നത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നതിനും മാതൃമരണനിരക്കും ശിശുമരണനിരക്കും വര്‍ധിക്കുന്നതിനും കാരണമാകുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. വിവാഹപ്രായം 18 ആക്കി ഉയര്‍ത്തിയ ശേഷം ഹയര്‍സെക്കന്ററി – ബിരുദ തലങ്ങളില്‍ വിദ്യാര്‍ത്ഥിനികളുടെ അനുപാതം ഗണ്യമായി വര്‍ധിച്ചതായുമാണ് കണക്കുകള്‍.

വിവാഹം, ദാമ്പത്യജീവിതം, മാതൃത്വം, ശിശുപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ പക്വവും സ്വതന്ത്രവുമായ പ്രബുദ്ധവുമായ തീരുമാനങ്ങളെടുക്കാനും ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കാനും ബിരുദമോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസം ആവശ്യമാണെന്ന വിവാഹപ്രായപരിധി ഉയര്‍ത്തുന്നതിലെ കേന്ദ്ര നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിലെ വിവിധ മുസ്ലിം സംഘടനകള്‍ നടത്തിയ സംയുക്ത യോഗത്തിന് ശേഷം മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായമുയര്‍ത്തുന്നത് സാമൂഹ്യപ്രശ്നമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ കുറിച്ച് ചിന്തിക്കാതെ എടുത്ത തീരുമാനമാണിതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പി.കെ കുഞ്ഞാലിക്കുട്ടി

‘വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തൊന്ന് ആക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമൂഹ്യപ്രശ്നങ്ങള്‍ അനവധിയാണ്. എങ്ങനെയെങ്കിലും ഒരു കല്യാണം നടന്നാല്‍ മതിയെന്ന് വിചാരിച്ച്, കല്യാണം ശരിയായി വരുമ്പോള്‍ മൂന്ന് കൊല്ലം കൂടി കാത്തിരിക്കേണ്ടി വരുന്ന പാവപ്പെട്ടവരെയാണ് ഇത് ഏറ്റവും ഗൗരവതരമായി ബാധിക്കുക.

സമൂഹത്തിന്റെ ഉയര്‍ന്ന തട്ടിലുള്ളവര്‍ക്ക് എന്തു ചെയ്യാം. പക്ഷെ വിവാഹമെന്നത് തന്നെ ഒരു സ്വപ്നമായി കരുതുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച പ്രശ്നങ്ങള്‍ എത്രത്തോളമാണെന്ന് ആലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചര്‍ച്ചകള്‍ക്കുള്ള വേദി പോലും ഒരുക്കാതെ കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ചു നടത്തുന്ന ഈ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയനീക്കങ്ങളുണ്ടെന്നും ആരോപണങ്ങളുയരുന്നുണ്ട്. ബില്‍ രൂപത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കാതെ പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഓര്‍ഡിനന്‍സ് വഴി വിവാഹപ്രായം ഉയര്‍ത്താനുള്ള സാധ്യതയാണുള്ളതെന്നും ആരോപണങ്ങളുന്നയിക്കുന്നവര്‍ പറയുന്നു.

അതേസമയം വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നവര്‍ ഇത് സ്ത്രീകളുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന നിസയുടെ സ്ഥാപകയായ വി.പി സുഹ്‌റ നിലപാടിനെ അംഗീകരിക്കുന്നതായി ഡൂള്‍ന്യൂസിനോട് പറഞ്ഞു. അതേസമയം ഈ നടപടിയില്‍ വിവിധ വശങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും സുഹ്റ കൂട്ടിച്ചേര്‍ത്തു.

വി.പി സുഹ്‌റ

‘വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് പെണ്‍കുട്ടികള്‍ക്ക് ഗുണകരമാകും. നീണ്ട കാലത്തെ സമരങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവിലാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം തന്നെ നിലവില്‍ വന്നത്. പണ്ട് കുട്ടികളൊന്നു വലുതായാല്‍ വിവാഹം കഴിച്ചുകൊടുക്കല്‍ മാത്രം പ്രധാന ഉത്തരവാദിത്തമായി കണ്ടവര്‍ ആയിരുന്നു അധികം. പതിനെട്ട് വയസ് പ്രായപരിധി വന്നതോടെ കുറെ കുട്ടികളെങ്കിലും പത്താം ക്ലാസ് പാസാകുന്നുണ്ട്. പ്ലസ് ടു പഠനസമയത്തിന് ശേഷമാണ് പലര്‍ക്കും വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടു പോകണമെന്നും ജോലി നേടണമെന്നും ആഗ്രഹമുണ്ടാകുന്നത്.

നിലവില്‍ വിവാഹപ്രായം പതിനെട്ടായതിനാല്‍ പല പെണ്‍കുട്ടികള്‍ക്കും പ്ലസ്ടുവിന് ശേഷമോ ഇടക്ക് വെച്ചോ പഠനം നിര്‍ത്തേണ്ടി വരികയാണ്. പ്രായപരിധി 21 ആവുന്നതോടെ ഇവര്‍ക്ക് ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലി സാധ്യതയും വര്‍ധിക്കും. പണ്ട് 12ഉം 13ഉം വയസ്സില്‍ വരെ കല്യാണം നടക്കുമായിരുന്നു. അതില്‍ നിന്നും കാര്യങ്ങള്‍ മാറിയില്ലേ. ഇനിയും അന്നത്തെ രീതിയില്‍ തന്നെ കാര്യങ്ങള്‍ തുടരണം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.

പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിലൂടെ അവര്‍ സുരക്ഷിതരായെന്ന് കരുതുന്നവരാണ് താഴേക്കിടയിലുള്ളവര്‍ എന്ന് പലരും പറയുന്നുണ്ട്. ദാരിദ്രനിര്‍മാര്‍ജനത്തിനുള്ള മാര്‍ഗമാണോ വിവാഹം എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്.’ വി.പി സുഹ്റ പറഞ്ഞു.

നിലവില്‍ 21 വയസ്സ് എന്നത് വലിയ പ്രായമായി പലര്‍ക്കും തോന്നാമെങ്കിലും നിയമം നടപ്പിലായാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കാഴ്ചപ്പാടില്‍ സ്വാഭാവികമായ മാറ്റം വരുമെന്ന് ഡോക്യുമെന്ററി സംവിധായകയും സംരഭകയുമായ റബീഹ അബ്ദുറഹീം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് തികയാന്‍ കാത്തുനില്‍ക്കുയാണ് പല കുടുംബങ്ങളും, അവരെ വിവാഹം കഴിച്ചയക്കാന്‍. പലരും അതിന് മുന്‍പേ വിവാഹം ഉറപ്പിച്ചിട്ട ശേഷം 18ാം വയസ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നതും വ്യാപകമാണ്. ഈ രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ നിയമത്തിന് സാധിക്കും.’ റബീഹ പറഞ്ഞു.

റബീഹ അബ്ദുറഹീം

അതേസമയം വിവാഹപ്രായം ഉയര്‍ത്തലും താഴ്ത്തലുമല്ല, നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആദ്യം നിയമങ്ങളുണ്ടാകേണ്ടതെന്നും റബീഹ അബ്ദുറഹീം അഭിപ്രായപ്പെട്ടു.

‘ഈ വിവാഹപ്രായ പരിധി ഉയര്‍ത്തുമ്പോഴും പെണ്‍കുട്ടികള്‍ക്ക് അവരുടെ വിവാഹത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കും വിധമുള്ള മാറ്റമായിരിക്കുമോ ഇതെന്ന് സംശയമുണ്ട്. കേരളത്തില്‍ ഭൂരിപക്ഷം പെണ്‍കുട്ടികളും 21 വയസ്സിന് ശേഷമാണ് വിവാഹിതരാകുന്നത്. പ്രത്യേകിച്ചും നഗരപ്രദേശങ്ങളില്‍. (ഗാമപ്രദേശങ്ങളിലും മറ്റു മേഖലകളിലും ഇതില്‍ വ്യത്യാസമുണ്ടാകാം.) ഈ പെണ്‍കുട്ടികള്‍ക്ക് അവരുടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ അവസരവും അവകാശവും ലഭിക്കുന്നുണ്ടോ.

പലരും നിര്‍ബന്ധിത വിവാഹത്തിന് (ഫോഴ്‌സ്ഡ് മാര്യേജ്) വിധേയരാക്കപ്പെടുകയാണ്. ഇതിനെതിരെയല്ലേ നിയമം കൊണ്ടുവരേണ്ടത് ആദ്യം. മാരിറ്റില്‍ റേപ്പിനെ ഇനിയും നമ്മുടെ രാജ്യത്ത് കുറ്റകൃത്യമായി കണക്കാക്കിയിട്ടില്ല. നിലവില്‍ വിവാഹവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങളില്‍ ശക്തമായ നിയമസംവിധാനം നിലവില്‍ വരേണ്ടതുണ്ട്. വിവാഹപ്രായം ഉയര്‍ത്തുന്നത് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല.’  റബീഹ അബ്ദുറഹീം പറഞ്ഞു.

ആഗോളതലത്തിലും ഇന്ത്യയിലും നടത്തിയ വിവിധ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത് വിവാഹപ്രായമുയര്‍ത്തുന്നതുകൊണ്ടു മാത്രം സ്ത്രീകളുടെ ഉന്നമനം സാധ്യമാകുന്നില്ല എന്നാണ് സ്‌ക്രോളില്‍ പ്രസിദ്ധീകരിച്ച ഷിരീണ്‍ ജീജേഭോയിയുടെ ലേഖനത്തില്‍ പറയുന്നു. മാതൃമരണനിരക്ക് കുറക്കുന്നതിനോ പെണ്‍കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനോ ഈ നടപടി പ്രയോഗികമായ മാര്‍ഗമല്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെ പ്രത്യുത്പാദന അവകാശം ശക്തിപ്പെടുത്തികൊണ്ടു മാത്രമേ ഈ രംഗത്തെ സ്ത്രീശാക്തീകരണം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ശൈശവ വിവാഹ നിരോധനനിയമവും വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തലും പ്രാബല്യത്തില്‍ വരുത്തി വര്‍ഷങ്ങള്‍ക്ക് ശേഷവും ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്നവരുടെ എണ്ണം കുറക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ രാജ്യത്തിനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത കാലത്ത് മാത്രമാണ് ശൈശവ വിവാഹത്തില്‍ ഗണ്യമായ കുറവുണ്ടായതെന്നും നിയമത്തേക്കാള്‍ ബോധവത്കരണവും മറ്റു സാമൂഹ്യമാറ്റങ്ങളുമാണ് ഇതിന് വഴിവെച്ചതെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് ഗുണകരമായ ഫലങ്ങളുണ്ടാക്കാന്‍ സാധിക്കുമെങ്കിലും സ്ത്രീകള്‍ നേരിടുന്ന വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയായി വിവാഹപ്രായ പുനര്‍നിര്‍ണയത്തെ അവതരിപ്പിക്കുന്നത് നിരര്‍ത്ഥകമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിവാഹപ്രായം ഉയര്‍ത്തുന്നതോടൊപ്പം പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായിക്കുന്ന സ്‌കോളര്‍ഷിപ്പുകളടക്കമുള്ള പദ്ധതികള്‍ കൂടി നിലവില്‍ വരണമെന്ന് വി.പി സുഹ്റയും ചൂണ്ടിക്കാണിക്കുന്നു. എങ്കില്‍ മാത്രമേ വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ ഉന്നം വെക്കുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാകുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് മറ്റു ചില സംശയങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി നിരവധി പേര്‍ ഉന്നയിച്ചിരുന്നു. ‘പത്തൊന്‍പതോ ഇരുപതോ വയസ്സുള്ള പെണ്‍കുട്ടിക്ക് (അഥവാ പതിനെട്ട് വയസ്സ് പൂര്‍ത്തിയായാല്‍) ഒറ്റക്കോ തങ്ങള്‍ക്ക് താല്പര്യമുള്ളവരുടെ കൂടെയോ ജീവിക്കാനുള്ള അവകാശം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടല്ലോ? അത് ഇല്ലാതാവുമോ?

പതിനെട്ട് വയസ്സിനും 21 വയസ്സിനും ഇടക്കുള്ള പെണ്‍കുട്ടികള്‍ക്ക് അവരുടെ കാമുകന്റെ കൂടെ ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കാമോ? വിവാഹം കഴിക്കാനല്ലേ തടസ്സം ഉണ്ടാകേണ്ടതുള്ളൂ? അങ്ങനെ ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി കാമുകന്റെ കൂടെ താമസിച്ചാല്‍ ‘വിവാഹ പ്രായം ആയില്ല’ എന്ന് പറഞ്ഞ് തിരിച്ചു മാതാപിതാക്കളുടെ കൂടെ അയക്കുമോ കോടതികള്‍?’ മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന ഫേസ്ബുക്കിലെഴുതി.

ഇത്തരം ചോദ്യങ്ങള്‍ക്ക് കൂടി വ്യക്തമായ മറുപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Will Raising Marriageable age for Women Solve the Problems faced by women in India today

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more