| Saturday, 26th August 2023, 12:36 pm

'ഫാസിസ്റ്റ് ബി.ജെ.പി തുലയട്ടെ' എന്ന മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമല്ല: മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മദ്രാസ്: ‘ഫാസിസ്റ്റ് ബി.ജെ.പി തുലയട്ടെ’ എന്ന മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മുന്‍ ബി.ജെ.പി പ്രസിഡന്റും പുതുച്ചേരി ലെഫ്ന്റനന്റ് ഗവര്‍ണറുമായ തമിലിസൈ സൗധരരാജന്‍ സഞ്ചരിച്ച വിമാനത്തില്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് ലോയിസ് സോഫിയ എന്ന സ്ത്രീക്കെതിരെ എടുത്ത എഫ്.ഐ.ആര്‍ കോടതി റദ്ദാക്കി. കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ഫാസിസ്റ്റ് ബി.ജെ.പിയെന്ന മുദ്രാവാക്യമാണ് സോഫിയ വിളിച്ചതെന്നും ആ വാക്കുകള്‍ കുറ്റകരമല്ലെന്നും നിസാരസ്വഭാവമുള്ളതാണെന്നും മധുര ബെഞ്ചിലെ ജസ്റ്റിസ് പി. ധനപാല്‍ ചൂണ്ടിക്കാട്ടി. ഐ.പി.സി സെക്ഷന്‍ 290 പൊതുശല്യം ഉണ്ടാക്കല്‍ വകുപ്പ് ചുമത്താനുള്ളതൊന്നും കുറ്റപ്പത്രത്തിലില്ലെന്നും കോടതി നിരീക്ഷിച്ചു.

വ്യോമയാന സുരക്ഷ നിയമം 1982നെതിരായ നിയമവിരുദ്ധ നിയമങ്ങള്‍ അടിച്ചമര്‍ത്തല്‍ പ്രകാരം കേസെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ വാദിച്ചു. സോഫിയ അക്രമങ്ങള്‍ നടത്താത്തതിനാല്‍ നിയമത്തിന് കീഴില്‍ വരില്ലെന്നും ഒരു വാക്ക് ഉച്ചരിക്കുന്നത് വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

സോഫിയക്കെതിരെ ഐ.പി.സി സെക്ഷന്‍(209) (പൊതു ശല്യം), തമിഴ്നാട് സിറ്റി പൊലീസ് ആക്ട് സെക്ഷന്‍ 75( പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നതിനോ, കലാപം ഉണ്ടാക്കുന്നതിനോ, മോശമായി പെരുമാറുന്നതിനോ ഉള്ള പിഴ) എന്നീ വകുപ്പുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് സെക്ഷന്‍ 505 (1)(b)(സംസ്ഥാനത്തിനോ പൊതുസമാധാനത്തിനോ എതിരായ പ്രവൃത്തി ചെയ്യാന്‍ വ്യക്തികളെ പ്രേരിപ്പിക്കുക) പ്രകാരമുള്ള കുറ്റമാണ് എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തത്. ഇതു ചൂണ്ടിക്കാട്ടി ഐ.പി.സി സെക്ഷന്‍ 505(1)(b) പ്രകാരമുള്ള കുറ്റത്തില്‍ സോഫിയയെ റിമാന്‍ഡ് ചെയ്യുന്നത് കോടതി നിരസിച്ചു. ഐ.പി.സി സെക്ഷന്‍ 290, തമിഴ്നാട് സിറ്റി പൊലീസ് ആക്ട് 75(1)(c) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റത്തില്‍ നിന്നും സോഫിയയെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

സെക്ഷന്‍ 505 (1)(b) പ്രകാരം റിമാന്‍ഡ് നിരസിച്ചാല്‍ പൊലീസിന് നടപടിക്രമങ്ങള്‍ പാലിക്കാന്‍ സെക്ഷന്‍ 155 സി.ആര്‍.പി.സി പ്രകാരം ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ കേസില്‍ ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത തൂത്തുകുടി പൊലീസ് സ്റ്റേഷന്‍ തമിഴ്നാട് പൊലീസ് ആക്ടിന് കീഴില്‍ കേസ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സെക്ഷന്‍ 75 പ്രയോഗിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗവേഷകയായ സോഫിയ തൂത്തുക്കുടി വിമാനത്താവളത്തിലും വിമാനത്തിലും വെച്ചാണ് മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് അടുത്ത ദിവസം തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

Content Highlights: Raising ‘Fascist BJP Down’ slogan is not an offence; madras highcourt

We use cookies to give you the best possible experience. Learn more