| Thursday, 30th May 2024, 6:35 pm

റെയ്‌സിയുടെ മരണം; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഔദ്യോഗിക വിശദീകരണത്തില്‍ ഇറാനില്‍ സംശയം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജ്യത്ത് ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്.

അപകടം നടന്ന ദിവസം റെയ്‌സിയുടെ ഹെലികോപ്റ്ററിന്റെ അകമ്പടിയായി പോയ മറ്റൊരു ഹെലികോപ്റ്ററില്‍ പ്രസിഡന്റിന്റെ ചീഫ് സ്റ്റാഫ് ആയിരുന്ന ഗോലം ഹുസൈന്‍ ഇസ്മഈലിയും ഉണ്ടായിരുന്നു. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലൂടെയുള്ള യാത്രയില്‍ ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റെയ്‌സിയുടെ ഹെലികോപ്റ്റര്‍ മേഘ കൂട്ടങ്ങളില്‍ നിന്ന് താഴ്ന്ന് പറക്കുന്നത് കണ്ടെന്ന് ഗോലം ഹുസൈന്‍ ഇസ്മഈലി പറഞ്ഞു.

‘സണ്‍ഗുണ്‍ ചെമ്പ് ഖനിക്ക് സമീപമുള്ള ഒരു താഴ്‌വരയില്‍ എത്തിയപ്പോള്‍ മേഘ കൂട്ടങ്ങളില്‍ നിന്ന് പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ താഴ്ന്ന് പറക്കുന്നത് കണ്ടു. ഫീല്‍ഡ് കമാന്‍ഡര്‍ എന്ന നിലയില്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റ് അകമ്പടിയായി വന്ന മറ്റ് ഹെലികോപ്റ്ററുകളോട് മേഘങ്ങള്‍ക്ക് മുകളിലൂടെ പറക്കാന്‍ നിര്‍ദേശം നല്‍കി. പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ മുന്നിലും പിന്നിലും അകമ്പടിയായി ഹെലികോപ്റ്റര്‍ ഉണ്ടായിരുന്നു. പിന്നീട് 30 സെക്കന്റ് കഴിഞ്ഞപ്പോള്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ കാണാനില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി,’ ഗോലം ഹുസൈന്‍ പറഞ്ഞു.

സ്റ്റേറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ കാണാതായതിന് പിന്നാലെ മേഖലയില്‍ പത്ത് മിനിറ്റോളം വട്ടമിട്ട് പറന്ന് ഹെലികോപ്റ്ററിനായി തിരച്ചില്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പൈലറ്റിനെ വിളിച്ചപ്പോള്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന പുരോഹിതനായ മുഹമ്മദ് അലി ആലെഹാഷിമാണ് ഫോണിന് മറുപടി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ എവിടെയാണെന്ന് അറിയില്ലെന്നും ഒന്നും കാണാന്‍ സാധിക്കുന്നില്ലെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്. ഏകദേശം മൂന്ന് നാല് മണിക്കൂറോളം കോളുകള്‍ക്ക് മറുപടി നല്‍കാന്‍ ആലെഹാഷിമിന് കഴിഞ്ഞെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

അപകടം ഉണ്ടായി 14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് സംഭവ സ്ഥലം കണ്ടെത്തിയതെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ രക്ഷാസംഘം സ്ഥലത്തെത്തിയപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.

Content Highlight: Raisi’s death: Doubts in Iran persist over official narrative of helicopter crash

We use cookies to give you the best possible experience. Learn more