| Thursday, 3rd January 2019, 8:31 pm

പിണറായിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവരോട്; അധ്വാനിച്ച് ജീവിച്ച തൊഴിലാളിയാണ് മുണ്ടയില്‍ കോരന്‍: രൈരു നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ചും “ചെത്ത്കാരന്‍ മുണ്ടയില്‍ കോരന്റെ മകനെ”ന്ന് ആക്ഷേപസ്വരത്തില്‍ വിളിച്ചും പരിഹസിക്കുന്ന സവര്‍ണ ജാതീയതയുടെ വക്താക്കളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രൈരു നായര്‍. പിണറായി വിജയനെ അപമാനിക്കാനായി ജാതി പറയുന്നവരോട് തൊഴിലാളി ജീവിതത്തിന്റെ മഹത്വവും സഹനവും ഓര്‍മിപ്പിക്കുകയായിരുന്നു മുണ്ടയില്‍ കോരന്റെ നാട്ടുകാരനും പിണറായി വിജയന്റെ ആത്മബന്ധുവും കേരള രാഷ്ട്രീയത്തെ അടുത്തറിയുന്ന ആളുമായ രൈരു നായര്‍.

“”വിജയന്റെ അച്ഛനെ ഞാന്‍ പരിചയപ്പെടുന്നത് 1937 ലാണ്. എടക്കടവിനടുത്താണ് അയാളുടെ വീട്. ഇദ്ദേഹത്തിന്റെ പേര് മുണ്ടക്കോരന്‍ എന്നാ. മുണ്ടക്കോരന്‍, മൂലക്കോരന്‍, പടന്നക്കോരന്‍ ഇങ്ങനെ മൂന്ന് കോരന്‍മാരായിരുന്നു അടുത്തടുത്ത് താമസിച്ചിരുന്നത്… ആ പ്രദേശത്തെ ജനപ്രിയനായ ഇടത്തരം പ്രമാണിയായിരുന്നു മുണ്ടക്കോരന്‍. സാത്വികനുമാണ്.

രൈരു നായര്‍

ഞാന്‍ പഠിച്ച സ്‌കൂളിലെ ഒരു അധ്യാപകനെ മാനേജ്‌മെന്റ് അകാരണമായി പുറത്താക്കിയപ്പോള്‍ ഞങ്ങള്‍ ഒരു പ്രൊട്ടസ്റ്റ് നടത്തി. പ്രകടനമായി വില്ലേജിലൊക്കെ ചുറ്റി നടക്കുകയായിരുന്നു. വൈകുന്നേരം ഇദ്ദേഹത്തിന്റെ വസതിയ്ക്കടുത്തെത്തിയപ്പോള്‍ അദ്ദേഹം ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു വലിയ പാത്രത്തില്‍ നാരങ്ങ വെള്ളം കലക്കി കുടിക്കാന്‍ തന്നു. ഞങ്ങളുടെ സമരത്തിന് കുറേക്കൂടി ആവേശം പകര്‍ത്തിത്തന്ന ആളാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തെപ്പറ്റി ആരെങ്കിലും അപകീര്‍ത്തികരമായ ഒരു കാര്യവും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. പണിയെടുത്ത് അടങ്ങി ജീവിച്ചിരുന്ന ഒരാളായിരുന്നു. ഇവരൊക്കെ പറയുന്ന മാതിരി പഞ്ചായത്ത് പറഞ്ഞിട്ട് പൈസയുണ്ടാക്കുന്ന ആളൊന്നുമല്ല.

അദ്ദേഹത്തെപ്പറ്റി അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ചിലര്‍ നടത്തുന്നത് ഞാനും വായിക്കുകയുണ്ടായി. മുണ്ടക്കോരനുള്ള യോഗ്യതകള്‍ ഒന്നും തന്നെ അത്തരം പ്രസ്താവനകള്‍ പറഞ്ഞ ആളുകള്‍ക്ക് ഇല്ല എന്ന് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും കേട്ടാ. അയാള്‍ അയാളുടെ പണിയെടുക്കുക വീട്ടില്‍ പോവുക ഇങ്ങനൊക്കെയായിരുന്നു. ആരാന്റെ കൈക്കൂലിയും വാങ്ങിയിട്ട് പ്രസംഗിച്ച് നടക്കുന്ന സ്വഭാവക്കാരനല്ല.

സ്വന്തമായിട്ടുള്ള പറമ്പില്‍ നിന്നും വേറെ പറമ്പുകളില്‍ നിന്നും കള്ള് ചെത്തി ഉപജീവനം കഴിച്ച ആളാണ്. പഞ്ചായത്ത് പറഞ്ഞിട്ടും ആരാന്റെ പിടിച്ച് പറിച്ചിട്ടും ജീവിച്ച ആളല്ല. ഇയാളെപ്പറ്റി അപകീര്‍ത്തി പറഞ്ഞ ആളെ മാതിരി മറ്റുള്ള ആള്‍ക്കാരുടെ പൈസ കവര്‍ന്നിട്ട് തിന്നുന്ന ആളായിരുന്നില്ല. സ്വന്തം അധ്വാനിച്ച് ഭാര്യയേയും മക്കളെയും പോറ്റിയിരുന്ന ആളായിരുന്നു. അങ്ങനെത്തന്നെ എഴുതണം. എനിക്ക് നന്നായിട്ട് അറിയുന്നത് കൊണ്ടാണ് പറയുന്നത്. അയാള് ഒരാളെയും നയാ പൈസ വഞ്ചിച്ചിട്ടില്ല. അയാളെപ്പറ്റി ഒരാളും മോശം അഭിപ്രായം പറയില്ല. അടിപിടിക്കേസിന് പോയിന്നോ പൈസ വാങ്ങിച്ചിട്ട് പറ്റിച്ചുന്നോ കേട്ടിട്ടേയില്ല. അയാളെ അപമാനിക്കാന്‍ വേണ്ടിയല്ലേ ഇങ്ങനെയൊക്കെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത്?””

തെങ്ങുകയറേണ്ടവനെയൊക്കെപ്പിടിച്ച് തലയില്‍ കയറ്റിയാല്‍ ഇങ്ങനെയിരിക്കും എന്ന ക്യാപ്ഷനോടു കൂടി ജന്‍മഭൂമി പത്രം ഇക്കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ ജാതീയമായി ആക്ഷേപിച്ചു കൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പിണറായി വിജയന് തെങ്ങ് കയറാന്‍ പോകാമെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. ശിവരാജനും മുഖ്യമന്ത്രിക്കെതിരെ ജാത്യാധിക്ഷേപം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഈ ആക്ഷേപങ്ങള്‍ക്കെതിരെ ” ഞാന്‍ ചെത്തുകാരന്റെ മകനാണ്. വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂ എന്ന് അവര്‍ കരുതുന്നു. കാലം മാറിയത് അവര്‍ അറിയുന്നില്ല”” എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more