ഇനി കളി മാറും; സഞ്ജുവിനും പടിക്കലിനും ശേഷം രാജസ്ഥാന്‍ റോയല്‍സിലേക്ക് അടുത്ത മലയാളി
IPL
ഇനി കളി മാറും; സഞ്ജുവിനും പടിക്കലിനും ശേഷം രാജസ്ഥാന്‍ റോയല്‍സിലേക്ക് അടുത്ത മലയാളി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th April 2022, 3:59 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഐ.പി.എല്ലില്‍ മറ്റ് ടീമുകളെ സപ്പോര്‍ട്ട് ചെയ്യുമ്പോഴും എല്ലാ മലയാളികള്‍ക്കും തെല്ലൊരിഷ്ടം രാജസ്ഥാനോടുണ്ട്. അതിന് കാരണം ടീമിലെ മലയാളി സാന്നിധ്യം തന്നെയാണ്.

നായകനായി സഞ്ജു സാംസണും വമ്പനടികള്‍ക്കായി ദേവ്ദത്ത് പടിക്കലും ടീമിലുണ്ടാകുമ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാവും. ഇതിന് പുറമെ ബേസില്‍ തമ്പിയോടുള്ള ഇഷ്ടം കാരണം മുംബൈ ഇന്ത്യന്‍സിനെ ഇഷ്ടപ്പെടുന്ന മലയാളികളും ചില്ലറയല്ല.

ഇപ്പോഴിതാ, രാജസ്ഥാന്‍ റോയല്‍സില്‍ മലയാളികളുടെ എണ്ണം കൂടാന്‍ പോവുന്നു എന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. എന്നാല്‍ പ്ലെയിംഗ് ഇലവനിലേക്കോ കളിക്കാരനായിട്ടോ അല്ല, മറിച്ച് പരിശീലകന്റെ റോളിലാണ് രാജസ്ഥാനിലേക്ക് പുതിയ മലയാളിയെത്തുന്നത്.

മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനായ റൈഫി വിന്‍സെന്റ് ഗോമസാണ് പിങ്ക് ആര്‍മിയിലെ പുതിയ റിക്രൂട്ട്മന്റ്. രാജസ്ഥാന്‍ റോയല്‍സ് ക്രിക്കറ്റ് അക്കാദമിയിലെ പരിശീലക സംഘത്തിലേക്കാണ് റൈഫിയെ തെരഞ്ഞെടുത്തിരിക്കുന്നത്.

സഞ്ജുവിന്റെ ഉറ്റ സുഹൃത്ത് കൂടിയായ റൈഫി കൂടെ രാജസ്ഥാന്റെ ഭാഗമാകുമ്പോള്‍ മലയാളി ആരാധകര്‍ക്ക് പ്രതീക്ഷിക്കാനുള്ള വക ഏറെയാണ്.

2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് വേണ്ടിയും റൈഫി കളത്തിലിറങ്ങിയിട്ടുണ്ട്.

നാഗ്പൂരില്‍ ആരംഭിക്കുന്ന ഹൈ പെര്‍ഫോമന്‍സ് ക്യാംപിലേക്കാണ് റൈഫിയെ തെരഞ്ഞെടുത്തത്. ഇത്തവണത്തെ പ്രീ സീസണ്‍ ക്യാംപിലും റൈഫി രാജസ്ഥാന്‍ ടീമിനൊപ്പമുണ്ടായിരുന്നു.

റൈഫിയുടെ കരിയറിലും ഇതൊരു ബ്രേക്ക് ത്രൂ ആവുമെന്ന കാര്യത്തില്‍ സംശയമില്ല. ഭാവിയില്‍ ഒരു സ്വതന്ത്ര പരിശീലകന്റെ റോളിലേക്ക് കുതിക്കാനുള്ള ആദ്യ ചുവടുവെയ്പ്പായാണ് ആരാധകര്‍ റൈഫിയുടെ ഈ നേട്ടത്തെ നോക്കിക്കാണുന്നത്.

അതേസമയം, രാജസ്ഥാന്‍ വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. കളിച്ച നാല് മത്സരത്തില്‍ ഒന്നില്‍ മാത്രം തോറ്റ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ടൈറ്റന്‍സിനെതിരായ മത്സരം വിജയിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് സഞ്ജുവും പിള്ളേരും ഒരുങ്ങുന്നത്.

സഞ്ജുവിനും പടിക്കലിനും പുറമെ ഏറ്റവുമധികം റണ്‍സടിച്ച് ഓറഞ്ച് ക്യാപ്പുമായി ജോസ് ബട്‌ലറും ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത് പര്‍പ്പിള്‍ ക്യാപ്പുമായി ചഹലും ഒപ്പം എന്തിനും പോന്നവനായി ‘പിങ്ക് ക്യാപ്പു’മായി ഹെറ്റ്‌മെയറും ചേര്‍ രാജസ്ഥാന്‍ നിര ഏത് ടീമിനേയും വെല്ലുവിളിക്കാന്‍ പോന്നതാണ്.

Content Highlight: Raiphi Vincent Gomez appointed as supporting coach for Rajasthan Royals