| Friday, 21st April 2017, 1:16 pm

' അവന്‍ ചില്ലറക്കാരനല്ല, ഈ പോക്ക് പോയാല്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഉടനെ കളിക്കും'; ബ്രാവോയ്ക്ക് പിന്നാലെ ബേസില്‍ തമ്പിയെ പ്രശംസിച്ച് സുരേഷ് റെയ്‌നയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പിന്നാലെ ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസില്‍ തമ്പിയ്ക്ക് പ്രശംസയുമായി നായകന്‍ സുരേഷ് റെയ്‌നയും. ബേസില്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്ന കാലം വിദൂരമല്ലെന്ന് ബ്രാവോയെ പോലെ റെയ്‌നയും ആവര്‍ത്തിക്കുകയാണ്.

” അവനറിയാം എവിടെ എപ്പോള്‍ എന്ത് ചെയ്യണമെന്ന്, അത് മാച്ച് ആയാലും പ്രാക്ടീസ് ആയാലും ശരി. ഫസ്റ്റ് ക്ലാസില്‍ നേരത്തെ തന്നെ അവന്‍ കഴിവ് തെളിയിച്ചതാണ്. കഠിനാധ്വാനം തുടര്‍ന്നാല്‍ അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലെത്തും.” പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന പറയുന്നു.

ഗുജറാത്ത ലയണ്‍സിലെ ഝാര്‍ഖണ്ഡുകാരനായ ഇഷാന്‍ കിഷനും ടീം ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്ന് റെയ്‌ന പറയുന്നു. ഏഴാം നമ്പറില്‍ ഇറങ്ങുന്ന ഇഷാന് വെടി മരുന്നാണെന്നാണ് റെയ്‌നയുടെ അഭിപ്രായം.

അതേസമയം, തന്റെ ക്യാപ്റ്റന്‍ കൂള്‍ മഹിയെ മിസ് ചെയ്യുന്നുണ്ടെന്നു മാത്രമല്ല, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീം ധോണിയോട് പെരുമാറുന്നതില്‍ അതീവ ദു:ഖിതനുമാണെന്നും റെയ്‌ന പറയുന്നു.

” എനിക്ക് അതിയായ വിഷമമുണ്ട്. രാജ്യത്തിനു വേണ്ടിയും ഐ.പി.എല്‍ ടീമുകള്‍ക്ക് വേണ്ടിയും അദ്ദേഹം ഒരുപാട് നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എന്നും ആദരിക്കപ്പെടേണ്ട താരമാണ് ധോണി. ഇത് ഞാന്‍ മാത്രം പറയുന്നതല്ല. ലോകം മുഴുവന്‍ പറയുന്നതാണ്.” അഭിമുഖത്തില്‍ റെയ്‌ന പറയുന്നു.


Also Read: പുലിമുരുകനെതിരായി നിലപാടെടുത്തിന്റെ പേരില്‍ തനിക്കെതിരെ നടന്നത് സംഘടിതമായ ആക്രമണം; ഷാനി പ്രഭാകര്‍


അഞ്ച് കളികളില്‍ നിന്നും 61 റണ്‍സു മാത്രമാണ് ഐ.പി.എല്ലിന്റെ പത്താം അങ്കത്തില്‍ ധോണിയുടെ സമ്പാദ്യം. മോശം ഫോമിനെതിരെ ടീമുടമയടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more