ആശങ്ക വേണ്ട; മഴയുടെ ശക്തി കുറയും; നാളെ വൈകുന്നേരത്തോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ; പഠനവും പ്രവചനവും
Heavy Rain
ആശങ്ക വേണ്ട; മഴയുടെ ശക്തി കുറയും; നാളെ വൈകുന്നേരത്തോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ; പഠനവും പ്രവചനവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 6:00 pm

തിരുവനന്തപുരം: സംസ്ഥാനത്തു മഴയുടെ ശക്തി കുറയുമെന്ന് പഠന റിപ്പോര്‍ട്ട്. മേഘാവരണം കേരളാ തീരത്തു നിന്ന് അകലുന്നതായും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ കാലാവസ്ഥാ പഠന വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളാ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്കു മാറിയിട്ടുണ്ട്. മാത്രമല്ല, ഉത്തരേന്ത്യക്കു മുകളില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്കു മാറുകയും ചെയ്തു. ഇതാണു കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമാകുന്നത്.

ഇതോടെ അതിതീവ്രമായ മഴ സംസ്ഥാനത്തുണ്ടാകാനുള്ള സാധ്യതയാണു കുറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റപ്പെട്ട കനത്ത മഴയോ, വ്യാപകമായ ചെറിയ മഴയോ പെയ്യാന്‍ മാത്രമാണു സാധ്യത.

ഇത്തരത്തില്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരും. നാളെ വൈകുന്നേരത്തോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയോടെയും വടക്കന്‍ ജില്ലകളില്‍ നാളെയോടെയും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ കേരളാ വെതറും പ്രവചിക്കുന്നുണ്ട്.

കേരളാ വെതര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ- ‘ഇപ്പോള്‍ ലഭിക്കുന്ന മഴ ഇന്നു രാത്രി മുതല്‍ തെക്കന്‍, മധ്യ കേരളത്തിലും, നാളെ വൈകിട്ടോടെ വടക്കന്‍ ജില്ലകളിലും കുറയും. ന്യൂനമര്‍ദ്ദം ദുര്‍ബലാവസ്ഥയില്‍ തുടരുകയാണ്.

കാറ്റിന്റെ ഗതിയില്‍ മാറ്റവും വേഗതയില്‍ കുറവും സംഭവിക്കുന്നുണ്ട്. മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴികെ അതിശക്തമായ മഴ അടുത്ത 24 മണിക്കൂറില്‍ കാണുന്നില്ല.

പ്രളയഭീഷണി ഇനിയില്ല. മാലദ്വീപിനു സമീപം ഒരു ന്യൂനമര്‍ദ്ദ സാധ്യത അടുത്തദിവസം കാണുന്നുണ്ടെങ്കിലും അതു രൂപപ്പെടുമോ എന്നുറപ്പില്ല.

അടുത്ത 24 മണിക്കൂറിലെ മഴ സാധ്യത

കൊയിലാണ്ടി മുതല്‍ കാസര്‍കോട്ടെ നീലേശ്വരം വരെ നാളെ വൈകീട്ട് ഏഴു വരെ ഒറ്റപ്പെട്ട ശക്തമായ/അതിശക്തമായ മഴ പ്രതീക്ഷിക്കാം. ശക്തമായ മഴ പരമാവധി 2 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. പിന്നീട് ഇടവേളകളും കാണും.

കോഴിക്കോട് ജില്ലയുടെ മറ്റു ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയുണ്ടാകും. വയനാട് ജില്ലയില്‍ മാനന്തവാടി, പടിഞ്ഞാറത്തറ, അമ്പലവയല്‍, നാലാംമൈല്‍ ഭാഗത്ത് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാമെങ്കിലും ഭയപെടാനില്ല. ഇടുക്കി ജില്ലയിലും നാളെ വൈകിട്ടു വരെ മഴ തുടരും.

തെക്കന്‍ കേരളത്തില്‍ ഇന്നു രാത്രി മുതല്‍ ഒറ്റപ്പെട്ട മഴ മാത്രം. മലപ്പുറം വരെയുള്ള പ്രദേശത്തും സമാന കാലാവസ്ഥ . പാലക്കാട് നാളെ വെയില്‍ സാധ്യത.

അതിമര്‍ദ മേഖല മഴ കുറച്ചേക്കും

രാത്രിയോടെ മധ്യ കേരളത്തില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മര്‍ദ്ദം കൂടിയ സാഹചര്യം മേഘങ്ങളെ കരയില്‍ പ്രവേശിപ്പിക്കാതെ തടയും. കടലില്‍ മഴ ലഭിക്കുകയും ചെയ്യും. കറുത്തിരുണ്ട് മൂടിക്കെട്ടി വന്നാലും ചെറുതായി പെയ്തത് മാനം തെളിയും. ഞങ്ങളുടെ നിഗമന പ്രകാരം പ്രളയഭീഷണി ഇനിയില്ല.

മാലദ്വീപിന് സമീപം ഒരു ന്യൂനമര്‍ദ്ദ സാധ്യത അടുത്ത ദിവസം കാണുന്നുണ്ടെങ്കിലും അതു രൂപപെടുമോ എന്ന് ഉറപ്പില്ല.