ഉദ്ഘാടനത്തിന് ശേഷം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ബുധനാഴ്ച കാസര്‍ഗോഡ് നിന്ന് തിരിച്ച് പുറപ്പെടാനിരുന്നതാണ്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ തന്നെ ട്രെയിന്‍ കാസര്‍ഗോഡ് നിന്ന് കണ്ണൂരെത്തിച്ചിരുന്നു. ട്രെയിനില്‍ വെള്ളം നിറക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ട്രെയിന്‍ കണ്ണൂരിലെത്തിച്ചത്. ഇവിടെ പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയത്.
ബുധനാഴ്ച പുലര്‍ച്ചെ ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ബോഗിയില്‍ വെള്ളം കയറിയത് ശ്രദ്ധയില്‍പ്പെട്ടത്. ചെറിയ ചോര്‍ച്ചയാണെന്നും എത്രയും വേഗം അറ്റക്കുറ്റപ്പണികള്‍ നടത്തി യാത്ര ആരംഭിക്കുമെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ചോര്‍ച്ച എങ്ങനെയുണ്ടായി എന്നതടക്കമുള്ള കാര്യത്തില്‍ അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിനനുവദിച്ച ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി വന്ദേഭാരതിന് പച്ചക്കൊടി വീശിയത്.