തുഷാരഗിരിയിലേക്ക് ഒരു മഴക്കാല യാത്ര
Travel Diary
തുഷാരഗിരിയിലേക്ക് ഒരു മഴക്കാല യാത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th June 2018, 8:53 am

മഴ എല്ലാകാലത്തും എല്ലാവരെയും കൊതിപ്പിക്കുന്ന ഒന്നാണ്. മഴയത്തിറങ്ങി കളിക്കാന്‍ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം മഴക്കാലത്തുള്ള യാത്രയും ഏറേ താല്‍പ്പര്യമുള്ള ഒന്നാണ്. ഇത്തരത്തില്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് തുഷാരഗിരി വെള്ളച്ചാട്ടം. പ്രത്യേകിച്ച് മലബാറുകാര്‍ക്ക്.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കൊരു യാത്ര എന്നും ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് വയനാടിനോട് ചേര്‍ന്ന് പശ്ചിമഘട്ട മലനിരയിലാണ് തുഷാരഗിരി. ഡി.ടി.പി.സിയും തുഷാരഗിരി വനസംരക്ഷണ സമിതിയും ചേര്‍ന്ന് “മഴയാത്ര” എന്ന പരിപാടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയിരുന്നു.

നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, മഴവില്‍ വെള്ളച്ചാട്ടം, തുമ്പി തുള്ളുംപാറ, തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ് ഏറ്റവും ഉയരം കൂടുതല്‍- ഏകദേശം 240 അടി. മറ്റുള്ളവക്ക് ശരാശരി 100-125 അടിയേ ഉയരമുള്ളൂ. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര എളുപ്പമല്ല. രണ്ടു കൈവഴികളിലെയും അരുവികള്‍ ഈരാറ്റുമുക്ക് എന്ന സ്ഥലത്ത് സംഗമിക്കുന്നു. അവിടന്നങ്ങോട്ട് ഇത് ചാലിപ്പുഴ എന്ന പേരിലാണ് ഒഴുകുന്നത്.

ആന, കാട്ടുപോത്ത്, മാന്‍, കേഴ, കരിങ്കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും ചെമ്പോത്ത്, കാട്ടുകോഴി, മൈന, മലമുഴക്കി വേഴാമ്പല്‍ തുടങ്ങിയ പക്ഷികളും പലതരം ചിത്രശലഭങ്ങളും വിവിധ ജാതി കാട്ടുമരങ്ങളും ഔഷധച്ചെടികളും ഈ കാടുകളില്‍ ഉണ്ട്

പാറകള്‍ക്ക് മുകളിലൂടെ പതഞ്ഞൊഴുകുന്ന കാഴ്ച അങ്ങേയറ്റം ഹരം പകരുന്നതാണ്. പക്ഷേ മഴക്കാലമായതിനാല്‍ തന്നെ ഏറേ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് ഈ യാത്ര. ഒരല്‍പം കരുതലുണ്ടായാല്‍ എറ്റവും നല്ല അനുഭവം തന്നെയായിരിക്കും തുഷാരഗിരിയിലേക്കുള്ള യാത്ര.

റൂട്ട്

കോഴിക്കോട് നിന്നും, മലപ്പുറം ജില്ലയില്‍ നിന്നും വയനാട്ടില്‍ നിന്നും എല്ലാം വരുന്നവര്‍ ആദ്യം താമരശ്ശേരി എത്തണം. അവിടെ നിന്ന് തുഷാരഗിരിയിലേക്ക് നേരിട്ട് കെ.എസ്.ആര്‍.ടി.സി ബസുകളോ പ്രൈവറ്റ് ബസുകളോ ലഭ്യമാണ്. അല്ലെങ്കില്‍ കോടഞ്ചേരിക്ക് ബസ് കയറി അവിടെ നിന്ന് ബസുവഴിയോ ജീപ്പിലോ തുഷാരഗിരിയില്‍ എത്താം. കോഴിക്കോട് നിന്ന് നേരിട്ട് തുഷാരഗിരിയിലേക്ക് കെ. എസ്ആര്‍.ടി.സി ബസുകള്‍ ലഭ്യമാണ്.