| Wednesday, 26th October 2022, 9:45 pm

ആദ്യ മത്സരത്തില്‍ രക്ഷപ്പെട്ടു, എന്നാല്‍ രണ്ടാം മത്സരത്തില്‍? നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയെ തേടി ദുഃഖവാര്‍ത്ത

സ്പോര്‍ട്സ് ഡെസ്‌ക്

തങ്ങളുടെ ആര്‍ച്ച് റൈവല്‍സായ പാകിസ്ഥാനെ അവസാന പന്തില്‍ തോല്‍പിച്ച് ലോകകപ്പ് ക്യാമ്പെയ്ന്‍ വിജയത്തോടെ തുടങ്ങാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ നാല് വിക്കറ്റിലായിരുന്നു ഇന്ത്യ ജയിച്ചത്.

വ്യാഴാഴ്ചയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനവുമായി സൂപ്പര്‍ 12ലെത്തിയ അള്‍ട്ടിമേറ്റ് അണ്ടര്‍ഡോഗുകളായ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍.

എതിരാളികള്‍ കുഞ്ഞന്‍മാരാണ് എന്നതിനാല്‍ ഇന്ത്യ ഒരിക്കലും നെതര്‍ലന്‍ഡ്‌സിനെ വിലകുറച്ച് കാണാന്‍ സാധ്യതയില്ല. എന്നിരുന്നാലും ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ നിന്നും മാറ്റങ്ങളോടെയാവും ഇന്ത്യ കളത്തിലിറങ്ങുക എന്നാണ് സൂചനകള്‍.

ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പെയ്‌നിലെ രണ്ടാം മത്സരം നടക്കുന്നത് ചരിത്ര പ്രസിദ്ധമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ്. മത്സരത്തിന് മുമ്പ് ടീം സിഡ്‌നിയില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ രണ്ടാം മത്സരം ത്രിശങ്കുവിലാവാനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മഴ ഭീഷണി തന്നെയാണ് വ്യാഴാഴ്ചയും ഇന്ത്യക്ക് മുമ്പിലുള്ളത്.

മത്സരം നടക്കുന്ന വ്യാഴാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് ഓസ്‌ട്രേലിയ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മഴ തടസപ്പെടുത്തുകയാണെങ്കില്‍ മത്സരം പൂര്‍ണമായും ഉപേക്ഷിച്ചേക്കും. അങ്ങനെ ഉപേക്ഷിക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റത്തെ പ്രതികൂലമായി തന്നെ ബാധിച്ചേക്കും.

അഞ്ച് ഓവര്‍ വീതമെങ്കിലും ഇരുടീമുകളും കളിച്ചാല്‍ മാത്രമേ മത്സരം നടത്താന്‍ സാധിക്കുകയുള്ളൂ, അല്ലാത്ത പക്ഷം മത്സരം റദ്ദാക്കിയേക്കും.

ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ സമയത്തും മഴ വില്ലനായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 90 ശതമാനവും മഴക്ക് സാധ്യത കല്‍പിച്ചിരുന്നെങ്കിലും മഴ അകന്നുനില്‍ക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകളും പൂര്‍ണമായും കളിക്കുകയും അവസാന പന്തില്‍ ഇന്ത്യ വിജയം പിടിച്ചടക്കുകയുമായിരുന്നു.

Content highlight: Rain threat in Sydney ahead of India-Netherlands match

We use cookies to give you the best possible experience. Learn more