| Monday, 29th May 2023, 4:56 pm

കപ്പെടുത്ത് ഗുജറാത്തിന്റെ കയ്യില്‍ കൊടുക്കേണ്ട അവസ്ഥ! ധോണിയെ കരയിക്കാന്‍ പ്രകൃതിയും കൂട്ടുനില്‍ക്കുന്നോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ ഫൈനല്‍ മത്സരം മെയ് 28 ഞായറാഴ്ച നടത്താനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍ തുള്ളിക്കൊരുകുടമെന്ന കണക്കില്‍ മഴയെത്തിയതോടെ മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റുകയായിരുന്നു.

മെയ് 29 തിങ്കളാഴ്ചയാണ് റിസര്‍വ് ഡേ. എന്നാല്‍ ഈ ദിവസവും മഴ വില്ലനായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിടുന്നത്. നിലവില്‍ അന്തരീക്ഷം ശാന്തമാണെങ്കിലും സ്ഥിതി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഴ വില്ലനാവുകയാണെങ്കില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കും. സാഹചര്യം പ്രതികൂലമാണെങ്കില്‍ ഇരുടീമിനും അഞ്ച് ഓവര്‍ വീതമോ അതുമല്ലെങ്കില്‍ സൂപ്പര്‍ ഓവറിലേക്കോ മത്സരം മാറും.

എന്നാല്‍ രാത്രി 11 മണിക്കുള്ളില്‍ ഒറ്റ പന്ത് പോലും എറിയാന്‍ കഴിയാത്ത സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയികളായി പ്രഖ്യാപിക്കും. ലീഗ് ഘട്ടത്തില്‍ ഏറ്റവുമധികം പോയിന്റ് നേടിയതാണ് ഹോം ടീമിന് തുണയാവുന്നത്.

14 മത്സരത്തില്‍ നിന്നും പത്ത് വിജയവും നാല് തോല്‍വിയുമായി 20 പോയിന്റോടെ സമഗ്രാധിപത്യം നേടിയാണ് ടൈറ്റന്‍സ് പ്ലേ ഓഫിലേക്ക് പ്രവേശിച്ചത്.

14 മത്സരത്തില്‍ നിന്നും എട്ട് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമായി 17 പോയിന്റാണ് ചെന്നൈക്കുള്ളത്. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ പ്ലേ ഓഫിലേക്ക് മാര്‍ച്ചുചെയ്തത്.

ഏറെ പ്രതീക്ഷയോടെയും ആരവത്തോടെയും സ്‌റ്റേഡിയത്തിലേക്കെത്തിയ ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം മഴയെത്തിയത്. ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം അല്‍പനേരം മഴക്ക് ശമനമുണ്ടായതോടെ ടോസിനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോയിരുന്നു. എന്നാല്‍ മഴ പിന്നെയുമെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായത്.

Content Highlight: Rain Threat for IPL final

We use cookies to give you the best possible experience. Learn more