ലോകകപ്പ് മാമാങ്കത്തിന്റെ ആവേശത്തിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍. സ്വന്തം രാജ്യത്തെയും നാം ഇഷ്ടപ്പെടുന്ന കളിക്കാര്‍ കളിക്കുന്ന രാജ്യങ്ങളെയും പിന്തുണയ്ക്കാനും അവരുടെ കളികള്‍ കാണാനുമാണ് മിക്കവരും ശ്രമിക്കുക. അങ്ങനെ ഈ ഒരു മാസക്കാലം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് അവര്‍ക്കെല്ലാം ഈ ലോക പോരാട്ടം. എല്ലാ ടീമുകളും കയ്യും മെയ്യും മറന്നു പോരാടുന്നതുകൊണ്ട് തന്നെ മിക്ക മത്സരങ്ങളും ആവേശഭരിതമാകുന്നുണ്ട്താനും. ചെറുടീമുകള്‍ എന്ന് വിശേഷിക്കപ്പെട്ടവര്‍ വമ്പന്‍ സ്രാവുകളുടെ അന്നം മുടക്കികളാകുന്ന കാഴ്ചയും നാം കണ്ടു വരികയാണ്.
എന്നാല്‍ ഇതിനിടയില്‍ കളി മുടക്കാനായി മഴ അവതരിക്കുമ്പോള്‍ അതു കളിക്കാരെയും കളി പ്രേമികളെയും സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. റൗണ്ട് റോബിന്‍ രീതിയാണ് ഈ ലോകകപ്പില്‍ അവലംബിച്ചിട്ടുള്ളത് എന്നതു കൊണ്ട് തന്നെ എല്ലാ ടീമുകളും പരസ്പരം മത്സരിക്കും. അതിനാല്‍ ഓരോ മത്സരവും എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്,നേടുന്ന ഓരോ പോയിന്റും വിലപ്പെട്ടതാണ്.
നിര്‍ബന്ധമായും ജയിക്കേണ്ട കളികള്‍ മഴയെടുക്കുമ്പോള്‍ അത് ആ ടീമുകളുടെ മുന്നോട്ടുള്ള പ്രയാണത്തെ സാരമായി തന്നെ ബാധിക്കും.ഒരു പോയിന്റ് വ്യത്യാസത്തിലും നെറ്റ് റണ്‍ റേറ്റിന്റെ നിസാരമായ കുറവു കൊണ്ടും സെമി ഫൈനല്‍ സാധ്യതകള്‍ ഇല്ലാതാകുമ്പോള്‍ ആ ടീമുകള്‍ക്ക് മഴ കവര്‍ന്നെടുത്ത പോയിന്റുകളെ കുറിച്ചോര്‍ത്തു വിലപിക്കുക എന്നത് മാത്രമാണ് വഴി.
രണ്ടാമത്തെ കളിയാണ് ഇന്നലത്തേതോടെ മഴ കൊണ്ടു പോയത്.
ആദ്യം മഴ മുടക്കിയത് ശ്രീലങ്ക പാക്കിസ്ഥാന്‍ മത്സരമായിരുന്നു. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം രണ്ടാം മത്സരം ജയിച്ചു വിജയപാതയിലെത്തി അതു തുടരാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ രണ്ടു ടീമുകളെയും നിരാശപ്പെടുത്തിക്കൊണ്ട് ക്രിക്കറ്റ് മൈതാനത്തിനു മീതെ വര്‍ഷം പെയ്തിറങ്ങി. പഴയ പ്രതാപമില്ലാത്ത ശ്രീലങ്കയെ തുരത്തുക എന്നത് പാകിസ്താനെ കൊണ്ട് സാധ്യമായ കാര്യമായിരുന്നു. അപ്രവചനീയതയുടെ പര്യായമായ പാകിസ്താനെ മറികടക്കാന്‍ ശ്രീലങ്കക്കും അവസരമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ മഴ അവര്‍ക്കുണ്ടാക്കിയ നഷ്ടം ചെറുതല്ല.
ഇന്നലെ നടക്കേണ്ടിയിരുന്ന കളിയായിരുന്നു മഴയുടെ അടുത്ത ഇര. ആദ്യ വിജയം തേടി തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയും അമിതാവേശം വിജയം തട്ടിയെടുത്തതില്‍ നിന്നു പാഠം പഠിച്ചു ജയിക്കാനുറച്ച് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരമായിരുന്നു ഇന്നലത്തേത്. പ്രോടീസ് ഓപ്പണര്‍മാരെ പെട്ടെന്നു പുറത്താക്കി വിന്‍ഡീസ് നന്നായി തന്നെ തുടങ്ങിയപ്പോള്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ട് മഴയെത്തി. പിന്നീട് ഒരു പന്ത് പോലുമറിയാതെ മത്സരം ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ വരെയെത്തി കാര്യങ്ങള്‍.
ഒരു പോയിന്റ് നേടി അക്കൗണ്ട് തുറക്കാന്‍ ആഫ്രിക്കക്കായെങ്കിലും അതു മുന്നോട്ടുള്ള അവരുടെ പ്രയാണം കൂടുതല്‍ ദുഷ്‌ക്കരമാക്കുകയാണ് ചെയ്തത്. നാലു കളികളില്‍ ഒരു പോയിന്റ് മാത്രം സ്വന്തമായുള്ള സൗത്ത് ആഫ്രിക്കക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുന്നതിനോടൊപ്പം നെറ്റ് റണ്‍ റേറ്റും മറ്റു ടീമുകളുടെ ഫലങ്ങളും ഒക്കെ ആശ്രയിച്ചിരിക്കും അവരുടെ സെമി സാധ്യത.
ഇന്ത്യയുടേതുള്‍പ്പെടെ എല്ലാ മത്സരങ്ങള്‍ക്കും മഴ ഭീഷണി ഉണ്ടായിരുന്നെങ്കിലും മേല്‍ പറഞ്ഞ രണ്ടു മത്സരങ്ങളാണ് മുഴുവനായി മഴയെടുത്തത്. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയതും പ്രധാനപ്പെട്ടതും ആയ ഒരു ടൂര്‍ണമെന്റ് ഇത്തരത്തില്‍ തടസപ്പെടുന്നത് തീര്‍ത്തും വിഷമകരമാണ്. അതിനുള്ള ആകെ പോംവഴി ഒരു രാജ്യത്ത് ലോകകപ്പ് നടത്താന്‍ അനുമതി കൊടുക്കുമ്പോള്‍ ആ രാജ്യത്ത് പ്രസന്നമായ കാലാവസ്ഥ ഏതു കാലത്താണോ ആ സമയത്ത് വക്കാന്‍ ശ്രമിച്ചാല്‍ ഇത്തരത്തില്‍ ദൗര്‍ഭാഗ്യത്തിന്റെ അകമ്പടിയോടെ ഫലമില്ലാതെ പോകുന്ന അവസ്ഥ ഒഴിവാക്കാവുന്നതാണ്. അതിനു ഐ സി സി തന്നെ മുന്‍കയ്യെടുത്താല്‍ ആവേശമൊട്ടും ചോരാതെ ടൂര്‍ണമെന്റുകള്‍ നടത്താന്‍ സാധിക്കും.