ദുഷ്ടന്‍ മഴ നശിപ്പിച്ചത് 1,293 ദിവസത്തെ കാത്തിരിപ്പ്; നഷ്ടപ്പെട്ടത് സുവര്‍ണാവസരം
Sports News
ദുഷ്ടന്‍ മഴ നശിപ്പിച്ചത് 1,293 ദിവസത്തെ കാത്തിരിപ്പ്; നഷ്ടപ്പെട്ടത് സുവര്‍ണാവസരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th August 2023, 2:50 pm

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം അവസാനിച്ചിരിക്കുകയാണ്. നിര്‍ണായകമായ ഏഷ്യ കപ്പിന് മുന്നോടിയായുള്ള മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് സ്വന്തമാക്കിയാണ് ഇന്ത്യ ഡബ്ലിനില്‍ നിന്നും തിരികെ വിമാനം കയറുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മഴയെത്തിയപ്പോള്‍ ഡക്ക്‌വര്‍ത്ത് – ലൂയീസ് – സ്‌റ്റേണ്‍ നിയമപ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. ദി വില്ലേജില്‍ നടന്ന രണ്ടാം മത്സരത്തില്‍ മെന്‍ ഇന്‍ ബ്ലൂ 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയപ്പോള്‍ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.

മൂന്നാം മത്സരവും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേല്‍ മഴ വില്ലനായി പെയ്തിറങ്ങിയപ്പോള്‍ മറ്റൊരു സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് കൂടെയാണ് മഴ കൊണ്ടുപോയത്. 1,293 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയ ശിവം ദുബെയുടെ തിരിച്ചുവരവാണ് ഇല്ലാതായത്.

പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും മഴ കളിച്ചപ്പോള്‍ തിളങ്ങാന്‍ അവസരം കിട്ടിയ രണ്ടാം മത്സരത്തില്‍ ദുബെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ആദ്യ മത്സരത്തില്‍ ഒരു ഓവര്‍ പന്തെറിയാന്‍ മാത്രമാണ് ദുബെക്ക് സാധിച്ചത്. ആ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഇന്ത്യന്‍ ഇന്നിങ്‌സിനിടെ മഴയെത്തിയതോടെ താരത്തിന് ബാറ്റിങ്ങിനിറങ്ങാനും സാധിച്ചിരുന്നില്ല.

രണ്ടാം മത്സരത്തില്‍ താരം തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 16 പന്തില്‍ നിന്നും പുറത്താകാതെ 22 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 137.50 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചത്. രണ്ട് സിക്‌സറും ദുബെയുടെ ബാറ്റില്‍ നിന്നും പിറന്നു.

ബൗളിങ്ങില്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സാണ് താരം വഴങ്ങിയത്.

ഇതിന് മുമ്പ് 2020 ഫെബ്രുവരി രണ്ടിനാണ് ദുബെ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരമായിരുന്നു അത്. മത്സരത്തില്‍ ആറ് പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടിയാണ് താരം പുറത്തായത്. സ്‌കോട് കഗ്ലിജന്റെ പന്തില്‍ ടോം ബ്രൂസിന് ക്യാച്ച് നല്‍കിയായിരുന്നു ദുബെയുടെ മടക്കം.

മത്സരത്തില്‍ പന്തെറിഞ്ഞപ്പോഴും ദുബെക്ക് പിഴച്ചിരുന്നു. ഒരു ഓവറില്‍ 34 റണ്‍സാണ് താരം വഴങ്ങിയത്. നാല് സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കമായിരുന്നു താരം 34 റണ്‍സ് വഴങ്ങിയത്. റോസ് ടെയ്‌ലറും ടിം സീഫെര്‍ട്ടുമായിരുന്നു ദുബെയെ അടിച്ചുകൂട്ടിയത്. 6, 6, 6, 4, 1,N4, 6, 6 എന്നിങ്ങനെയാണ് താരം റണ്‍സ് വഴങ്ങിയത്.

ഈ മോശം പ്രകടനത്തിന് പിന്നാലെ താരം ടീമിന് പുറത്താവുകയായിരുന്നു.

എന്നാല്‍ ഐ.പി.എല്‍ 2023ലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ദുബെക്ക് ടീമിലേക്കുള്ള വിളി വീണ്ടുമെത്തിയത്.

ഈ പരമ്പര നഷ്ടപ്പെട്ടെങ്കിലും ശിവം ദുബെക്ക് തിളങ്ങാന്‍ ഇനിയും അവസരമുണ്ട്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ താരം ഇടം നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ദുബെ തകര്‍ത്തടിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Rain spoils Shivam Dube’s comeback