| Saturday, 18th August 2018, 8:03 am

ചെങ്ങന്നൂരിലും തിരുവല്ലയിലും വീണ്ടും മഴ: രാത്രിയിലെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതികൂല കാലാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ട് ചെങ്ങന്നൂരില്‍ കനത്ത മഴ തുടരുന്നു. ചെങ്ങന്നൂരിലും തിരുവല്ലയുടെ പരിസര പ്രദേശങ്ങളിലും ഇന്നലെ രാത്രി മുതല്‍ വീണ്ടും മഴ പെയ്യാനാരംഭിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതയെ ബാധിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വീണ്ടും മഴ തുടരുകയാണ്.

എം.എല്‍.എ സജി ചെറിയാന്റെ അഭ്യര്‍ത്ഥന ചാനലുകളില്‍ വന്നതിനെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി തന്നെ സൈന്യം
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. രാത്രിയിലും പമ്പാനദിയിലെ ജലനിരപ്പില്‍ വലിയ വര്‍ദ്ധനമുണ്ടായതും വെളിച്ചക്കുറവും രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തെ സാരമായിത്തന്നെ ബാധിച്ചിരുന്നു.

Also Read: ഈ രാത്രിയില്‍ ചെങ്ങന്നൂരില്‍ ഹെലിക്കോപ്റ്ററുകള്‍ എത്തിയില്ലെങ്കില്‍ അമ്പതിനായിരം പേര്‍ മരിക്കുമെന്ന് സജി ചെറിയാന്‍ എം.എല്‍.എ

ചെങ്ങന്നൂരില്‍ എത്ര പേരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകളോ വിവരങ്ങളോ ഇല്ലാത്തതും വലിയ തിരിച്ചടിയാണ്. പാണ്ടിനാട് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇവിടെ മാത്രം 1500ഓളം പേര്‍ പെട്ടുപോയിട്ടുള്ളതായാണ് വിവരം.

അതേസമയം കരസേന കൂടുതല്‍ ബോട്ടുകള്‍ ഇന്ന് പ്രദേശത്ത് എത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15 ബോട്ടുകള്‍ ചെങ്ങന്നൂരും 10 ബോട്ടുകള്‍ തിരുവല്ലയിലുമാണ് ട്രക്ക് മാര്‍ഗ്ഗം എത്തിക്കുക. കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ചെങ്ങന്നൂരിലും ചാലക്കുടിയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്ന് ഊര്‍ജ്ജിതമാകുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more