| Sunday, 27th November 2022, 1:52 pm

ന്യൂസിലാന്‍ഡിലെ ചിറാപ്പുഞ്ചിയില്‍ വെച്ചാണോ ഇവന്‍മാര്‍ പരമ്പര നടത്തുന്നത്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പരമ്പരയിലേക്ക് തിരിച്ചുവരാം എന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേല്‍ കൂടിയാണ് കാര്‍മേഘം ഉരുണ്ടുകൂടിയത്.

രണ്ടാം മത്സരം ഉപേക്ഷിച്ചതോടെ പരമ്പര സ്വന്തമാക്കാന്‍ ഇനി ഇന്ത്യക്ക് സാധിക്കില്ല. മൂന്നാം മത്സരം ജയിച്ച് പരമ്പര സമനിലയില്‍ കൊണ്ടുചെന്നെത്തിക്കാനാകും ഇന്ത്യ ഇനി ശ്രമിക്കുക.

ഇതിന് മുമ്പ് ടി-20 പരമ്പരയിലും മഴ വില്ലനായെത്തിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരവും മഴ കൊണ്ടുപോവുകയായിരുന്നു.

ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലുമായിരുന്നു മഴ കളിച്ചത്. ആദ്യ മത്സരം ഒറ്റ പന്ത് പോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചപ്പോള്‍ മൂന്നാം മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ നേടിയ വിജയമാണ് ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നാണ് വിജയിച്ചത്.

ഏകദിന പരമ്പരയിലെയും സ്ഥിതി വ്യത്യസ്തമാകാന്‍ പോകുന്നില്ല എന്നാണ് ഇപ്പോഴുള്ള സ്ഥിതിവിശേഷങ്ങള്‍ വ്യക്തമാക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ന്യൂസിലാന്‍ഡിനാണ് ഇപ്പോള്‍ മേല്‍ക്കൈ ഉള്ളത്.

രണ്ടാം ഏകദിനത്തിലും മഴയെത്തുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്തതോടെ ന്യൂസിലാന്‍ഡിന് 1-0 എന്ന ലീഡുണ്ട്. കിവീസിന് പരമ്പര നേടാന്‍ മൂന്നാം മത്സരം വിജയിക്കണമെന്ന് പോലുമില്ലാത്ത സ്ഥിതിയാണുള്ളത്. മൂന്നാം മത്സരത്തില്‍ മഴ കളിച്ചാല്‍ ഏകദിന പരമ്പര ന്യൂസിലാന്‍ഡിന് സ്വന്തമാക്കാന്‍ സാധിക്കും.

മൂന്ന് ടി-20യും മൂന്ന് ഏകദിനവുമടക്കം ആറ് മത്സരങ്ങളാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ളത്. എന്നാല്‍ ഇതില്‍ അഞ്ച് മത്സരങ്ങള്‍ കഴിയുമ്പോള്‍ മൂന്ന് മത്സരങ്ങളും മഴ കൊണ്ടു പോവുകയായിരുന്നു. ഒരു ടി-20യും ഒരു ഏകദിനവും മാത്രമാണ് ഇതുവരെ പൂര്‍ണമായും കളിക്കാന്‍ സാധിച്ചത്.

രണ്ടാം മത്സരവും മഴ മൂലം ഉപേക്ഷിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സജീവമാണ്. മഴയുള്ള സ്ഥലം തന്നെ കണ്ടുപിടിച്ച് പരമ്പര നടത്തുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഇപ്പോള്‍ പെയ്യുന്ന മഴയെ സഞ്ജു സാംസണിന്റെ കണ്ണീരായും ട്രോളുകള്‍ ഉയരുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും അവസരം ലഭിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് ഇത്തരം ട്രോളുകളും ചര്‍ച്ചയാകുന്നത്.

പല തവണ ഓവറുകള്‍ വെട്ടിച്ചുരുക്കിയ ശേഷമാണ് ഇന്ത്യ – ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചത്. മത്സരത്തിന്റെ അഞ്ചാം ഓവറിനിടെ മഴ കാരണം മത്സരം നിര്‍ത്തിവെച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മഴ മാറിയതോടെ മത്സരം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

മഴക്ക് ശേഷം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിന്റെ 13ാം ഓവറില്‍ വീണ്ടും മഴയെത്തുകയും കളി വീണ്ടും ഏറെ നേരം നിര്‍ത്തി വെക്കേണ്ടിയും വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്.

ടി-20 പരമ്പരയിലേതെന്ന പോലെ മഴ കളിക്കുകയാണെങ്കില്‍ ഏകദിന പരമ്പര ന്യൂസിലാന്‍ഡിന് മുമ്പില്‍ അടിയറ വെക്കേണ്ടി വന്നേക്കും.

നവംബര്‍ 30നാണ് ഏകദിന പരമ്പരയിലെ അവസാന മത്സരം. ഓവലാണ് വേദി.

Content Highlight: Rain in the India-New Zealand series is the talk of the social media

We use cookies to give you the best possible experience. Learn more