Football
ഇങ്ങനെ പേടിച്ചാലോ അമ്പയറേ, ബാ കളിക്കാം... ചിരിയുണര്‍ത്തി കുങ്ഫു പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 05, 07:53 am
Tuesday, 5th September 2023, 1:23 pm

 

ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-നേപ്പാള്‍ മത്സരത്തില്‍ മഴ വില്ലനായി വന്നപ്പോള്‍ മൈതാനത്ത് കാണാന്‍ കഴിഞ്ഞത് ചില രസകരമായ കാഴ്ചകളാണ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ഈ സംഭവത്തിലെ പ്രധാന കഥാപാത്രം. മത്സരം മഴമൂലം തടസപ്പെട്ടപ്പോഴുള്ള ഹര്‍ദിക് പാണ്ഡ്യയുടെ റിയാക്ഷനുകളാണ് വൈറലായിരിക്കുന്നത്.

മത്സരത്തിന്റെ 35ാം ഓവറിലായിരുന്നു സംഭവം. മഴ പെയ്യാന്‍ തുടങ്ങിയ സമയത്ത് നേപ്പാള്‍ ബാറ്റര്‍മാര്‍ എല്ലാം ഡഗ് ഔട്ടിലേക്ക് തിരികെ പോയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും മാറാതെ നില്‍ക്കുകയായിരുന്നു. ഈ സമയത്തായിരുന്നു ഹര്‍ദിക് പാണ്ഡ്യയും അമ്പയറും തമ്മിലുള്ള രസകരമായ സംഭവം നടന്നത്. ഇല്ലാത്ത മഴ കണ്ട് പേടിച്ച ഫീല്‍ഡ് അമ്പയറെ നോക്കി ചിരി നിര്‍ത്താനാവാതെ നില്‍ക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ ചെയ്തത്. ഇതിന്റെ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 230 റണ്‍സിന് പുറത്താവുകയായിരുന്നു. നേപ്പാളിനായി 97 പന്തില്‍ 57 റണ്‍സ് നേടിയ ആസിഫ് ഷെയ്ഖും, 56 പന്തില്‍ 48 റണ്‍സ് നേടിയ സോം ഭാല്‍ കാമിയും, 25 പന്തില്‍ 38 റണ്‍സ് നേടിയ കുശാല്‍ ബുര്‍ടെലും മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും വിക്കറ്റ് നഷ്ടം കൂടാതെ 20.1 ഓവറില്‍ 147 റണ്‍സ് നേടിനില്‍ക്കേ വീണ്ടും മഴ ശക്തമായി പെയ്തുകൊണ്ട് കളി തടസ്സപ്പെടുകയും ഡക്ക് വര്‍ത്ത്- ലൂയിസ്-സ്റ്റെണ്‍ നിയമപ്രകാരം ഇന്ത്യ 10 വിക്കറ്റുകള്‍ക്ക് വിജയിക്കുകയും ചെയ്തു.

Content Highlights: Rain hoax fools umpire twice in India vs Nepal Asia Cup match