തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് തുടങ്ങിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നാളെ മുതല്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ 9, 10, 11 തീയതികളില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ പ്രതീക്ഷിക്കുന്നുണ്ട്. സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജിന്‍സി കിറ്റ് തയ്യാറാക്കി വെക്കണം. അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മാന്നാര്‍ കടലിടുക്കിലും ഈ ദിവസങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.