ഇടുക്കി: ന്യൂനമര്‍ദ്ദ ഭീഷണിയെ തുടര്‍ന്ന് ഇടുക്കിയില്‍ നാളെ മുതല്‍ വിനോദ സഞ്ചാരം നിരോധിച്ചു. നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പടെ എല്ലാ വിനോദകേന്ദ്രങ്ങളും അടച്ചിടും.
സാഹസിക, ടൂറിസം ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവയെല്ലാം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. രാത്രിയാത്രാ നിരോധനവും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
മലയോരത്തെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങള്‍, പ്രത്യേകിച്ച് തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ ഗതാഗതം വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
അറബിക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന കേന്ദ്ര കാലാവസ്ഥാകേന്ദ്ര മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.
ഇന്ന് സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. കാസര്‍കോട് നഗരത്തില്‍ 15 മിനിറ്റോളം ചുഴലിക്കാറ്റ് വീശിയടിച്ചു. ഇടുക്കിയിലും പത്തനംതിട്ടയിലും കനത്തമഴ തുടരുകയാണ്. കാലാവസ്ഥാപ്രവചനം മുന്‍നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കാനുള്ള നടപടികളാണ് ഇപ്പോഴുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.