തിരുവനന്തപുരം: തുലാ മഴയുടെ ഭാഗമായി സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം “യെല്ലോ അലര്‍ട്ട്” പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ഏഴുവരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
ഏഴുജില്ലകളില്‍ ശനിയാഴ്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലാണ് കനത്ത മഴ പെയ്തത്. വ്യാഴാഴ്ചയാണ് തമിഴ്നാട് തീരത്തും തെക്കന്‍ കേരളത്തിലും പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കന്‍തീരത്തും വടക്കുകിഴക്കന്‍ കാലവര്‍ഷം എത്തിയത്.
തിരുവനന്തപുരത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറന്നു. നദീതീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ തമിഴ്നാട്ടില്‍ തുലാമഴ എത്തിക്കഴിഞ്ഞു. തമിഴ്നാടിന്റെ കിഴക്കന്‍ മേഖലയില്‍ ശക്തമായിരിക്കുന്ന തുലാമഴ നവംബര്‍ രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ ഇത് ആദ്യമായിട്ടാണ് തുലാവര്‍ഷം കേരളത്തില്‍ ഇത്രയും വൈകുന്നത്.