അമല്‍ നീരദിന് തന്റെ പടത്തിലെ ഓരോ സീനുകളെ പറ്റിയും കൃത്യമായ ധാരണയുണ്ടെന്നും ഇന്നും ആദ്യ പടം പോലെയാണ് ഓരോ പടങ്ങളും ചെയ്യുന്നതെന്നും ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍. ഒരു സീനില്‍ മഴ വെക്കുമ്പോള്‍ എന്തിനാണ് അവിടെ ആ മഴയെന്ന് അമല്‍ നീരദിന് കൃത്യമായിട്ടറിയാമെന്നും കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമെ അവിടെ മഴ കൊണ്ടുവരികയുള്ളുവെന്നും അദ്ദേഹം പറയുന്നു.
താന്‍ ഇനി തുടങ്ങാന്‍ പോകുന്നത് അമല്‍ നീരദിന്റെ പടമാണെന്നും അതില്‍ നിന്നും ഇനിയും ‘ഒരു അമല്‍ നീരദ് പടം’ എന്നത് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദിനെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമലിന് തന്റെ പടത്തിലെ ഓരോ സീനുകളെ പറ്റിയും കൃത്യമായ ധാരണയുണ്ട്. ഒരു സീനില്‍ മഴ വെക്കുമ്പോള്‍ എന്തിനാണ് അവിടെ ആ മഴയെന്ന് അവന് കൃത്യമായിട്ടറിയാം. ആ കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമെ അവിടെ മഴയുടെ ആവശ്യമുള്ളു.
ഞങ്ങള്‍ അവസാനം ചെയ്തത് വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതക’മാണ്. ഇനി തുടങ്ങാന്‍ പോകുന്നത് അമല്‍ നീരദിന്റെ പടമാണ്. അമല്‍ നീരദിന്റെ പടത്തില്‍ നിന്ന് ഇനിയും ‘ഒരു അമല്‍ നീരദ് പടം’ എന്നത് തന്നെ പ്രതീക്ഷിക്കാം. അമലിന് ഓരോ പടവും അമലിന്റെ പുതിയ പടങ്ങളാണ്. ആദ്യ പടം പോലെയാണ് ഓരോന്നും ചെയ്യുന്നത്.
ഓരോ സിനിമയിലും നമ്മള്‍ക്ക് എത്രത്തോളം ഡെഡിക്കേറ്റഡായി ചെയ്യാന്‍ പറ്റുന്നുവോ അത്രത്തോളം ആ പടത്തിന് വേണ്ടി കൊടുക്കാന്‍ പറ്റും. ഞാനും അങ്ങനെ തന്നെയാണ് കാണുന്നത്. അങ്ങനെയുള്ള സംവിധായകന്‍മാരെ നമുക്ക് അധികം കാണാന്‍ പറ്റില്ല.
ഓരോ പടത്തെയും ആദ്യ പടം ചെയ്യുന്നതിന്റെ പേടിയോടെ കാണാന്‍ കഴിയുന്ന, അല്ലെങ്കില്‍ പക്വതയോടെ കാണാന്‍ കഴിയുന്ന ആളുകള്‍ കുറവാണ്. അതില്‍ ഒരാള്‍ അമല്‍ നീരദാണ്. അമലിന് ഓരോ പടത്തെ കുറിച്ചും വ്യക്തമായ ധാരണയുള്ളത് കൊണ്ട് അവന്റെ ഓരോ പടവും അവന് പുതിയതാണ്.
അമല്‍ നീരദ് ഇന്റര്‍വ്യൂകളില്‍ അധികം വരാറില്ല. എന്നാല്‍ അമല്‍ വളരെ ജോളിയായിട്ടുള്ള ആളാണ്. നമ്മളോട് എല്ലാവരോടും അങ്ങനെയാണ്. പക്ഷെ ആള്‍ക്ക് സംസാരിക്കാന്‍ ആവശ്യമുള്ളയിടത്ത് മാത്രമെ സംസാരിക്കാറുള്ളു. ഇന്റര്‍വ്യു കൊടുക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് കൊടുക്കുന്നില്ല. അതൊക്കെ അമലിന്റെ പേഴ്‌സണല്‍ കാര്യങ്ങളാണ്. പക്ഷെ അമല്‍ ഒരിക്കലും സംസാരിക്കാത്ത ആളല്ല. അവന്‍ സംസാരിക്കുന്നത് കൊണ്ടാണ് പടങ്ങള്‍ സംഭവിക്കുന്നത്,’ ജോസഫ് നെല്ലിക്കല്‍ പറയുന്നു.
Content Highlight: Art Director Joseph Nellikkal Talks About Amal Neerad