12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴക്കെടുതിയില്‍ നാല് മരണം; ആറ് ജില്ലകളില്‍ അവധി
Kerala News
12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴക്കെടുതിയില്‍ നാല് മരണം; ആറ് ജില്ലകളില്‍ അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th July 2023, 8:28 am

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. മഴക്കെടുതികളുമായി ബന്ധപ്പെട്ട് ഉണ്ടായ അപകടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂരില്‍ ഇന്ന് പുലര്‍ച്ചെ ബലിയിടാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതായിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.

ഇടുക്കിയില്‍ പല ഭാഗങ്ങളിലും മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടര്‍ ഇന്ന് തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് ആറ് ജില്ലകളില്‍ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും.

കാസര്‍ഗോഡ് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് അവധി. കുട്ടനാട് താലൂക്കില്‍ കോളേജുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ട്.

കെ.ടി.യു, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി. ഇടുക്കിയിലും കോട്ടയത്തും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ല.

അതിരാവിലെ ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതിനിടെ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ച് മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കില്‍പ്പെട്ടത്.

ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി. കാണാതായ സുശീല (60), അനുശ്രീ (12) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Content Highlights: Rain alerts update in kerala, holiday for six districts