തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറാന്‍ സാധ്യത ഉള്ളതിനാല്‍ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളത്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയും മധ്യ കിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും.
മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.
കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. 50 സെന്റീമീറ്ററായി 6 ഷട്ടറുകളും, 30 സെന്റീമീറ്ററായി 4 ഷട്ടറുകളുമാണ് നിലവില്‍ തുറന്നിരിക്കുന്നത്. ജലനിരപ്പ് റൂള്‍ കര്‍വ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ചെറുതോണി ഡാം ഇന്ന് രാവിലെ 10 മണിയോടെ തുറന്നു.
ഇടുക്കി ഡാം ഇന്നലെ തുറന്നിരുന്നു. ഡാം തുറന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 372 ക്യാമ്പുകളിലായി ഇതുവരെ 14,482 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ദുരന്തനിവാര പ്രവര്‍ത്തനങ്ങള്‍ക്കായി 11 എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ വിവിധ ജില്ലകളില്‍ തുടരുകയാണ്.
അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 983.50 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്. വയനാട് ബാണാസുര അണക്കെട്ടില്‍ ജലനിരപ്പ് 773.60 മീറ്ററെത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് 975.44 മീറ്ററില്‍ എത്തി. ഇടമലയാറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ മലമ്പുഴ ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുകയാണ്.
മംഗലം ഡാമിന്റെ ഷട്ടറുകള്‍ 61 സെന്റിമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 1 സെന്റിമീറ്റര്‍ വീതവും തുറന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും ശിരുവാണി ഡാമിന്റെ റിവര്‍ സ്ലൂയിസ് തുറന്നിരിക്കുകയാണ്. മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകളും തമിഴ്‌നാട് ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നിരിക്കുകയാണ്. തൃശൂര്‍ ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.