| Monday, 29th April 2019, 8:31 am

ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുന്നു; കേരളത്തില്‍ യെല്ലോ അലേര്‍ട്ട്; ഗവിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. തിങ്കളാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഫോനി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

തീരങ്ങളെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് കേരളത്തിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി. വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ഏപ്രില്‍ 29, 30 മെയ് 1 എന്നീ ദിവസങ്ങളിലാണ് വിലക്ക്. കേരളത്തില്‍ ഒന്നാകെ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. പല ജില്ലകളിലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വ വരെയാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അതേസമയം ചെന്നൈയില്‍നിന്ന് 1250 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ദിശമാറുന്നതായി സൂചനയുണ്ട്. തമിഴ്നാട്, ആന്ധ്ര തീരത്ത് അടുക്കാതെ വടക്കുകിഴക്കന്‍ ദിശയിലാണു ഫോനി നീങ്ങുന്നതായി കാലാവസ്ഥ ഗവേഷണകേന്ദ്രം വ്യക്തമാക്കി.
DoolNews Video

We use cookies to give you the best possible experience. Learn more