| Tuesday, 11th July 2023, 8:39 pm

മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്നതിനാല്‍ മൂന്ന് ജില്ലകളില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

കുട്ടനാട് താലൂക്കില്‍ നാളെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കുമടക്കം അവധിയാണെന്ന് ആലപ്പുഴ ജില്ലാ കളക്ടറും അറിയിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഫേസ്ബുക്കിലൂടെ അറിയിച്ചു.

കുട്ടനാട് താലൂക്കില്‍ വിവിധ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും, താലൂക്കിലെ മിക്ക സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച് വരുന്നതിനാലുമാണ് നാളെ അവധി നല്‍കിയത്.

കുട്ടനാട് താലൂക്കില്‍ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അംഗന്‍വാടികള്‍ക്കും ഉള്‍പ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി നല്‍കി.

അതേസമയം, ഈ ജില്ലകളിലെല്ലാം മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാനത്ത് വരുന്ന നാല് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ മാസം 14 വരെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാള്‍ ആറ് ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്.

Content Highlights: rain alert, holidays in 3 districts in kerala

We use cookies to give you the best possible experience. Learn more