| Friday, 24th November 2023, 8:01 am

പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ പ്രതിഷേധം; വന്ദേഭാരത് വഴിമാറ്റുമെന്ന് റെയില്‍വേയുടെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാസഞ്ചര്‍ ട്രെയിനുകള്‍ വൈകുന്നതിലും പിടിച്ചിടുന്നതിലും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് വഴിമാറ്റുമെന്ന് റെയില്‍വേയുടെ ഭീഷണി. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

എറണാകുളം-ആലപ്പുഴ-കായംകുളം റൂട്ടില്‍ വന്ദേഭാര തിന് യാത്ര സൗകര്യമൊരുക്കാന്‍ മറ്റു പാസഞ്ചറുകള്‍ പിടിച്ചെടുന്നതിനെതിരെ ഉണ്ടായ ജനകീയ പ്രതിഷേധത്തിനെതിരെയാണ് റെയില്‍വേ വന്ദേഭാരത് വഴിമാറ്റുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. കായംകുളം എക്‌സ്പ്രസ്സ് തുടര്‍ച്ചയായി പിടിച്ചിടുന്നതിലും വൈകിയോടുന്നതും ചൂണ്ടിക്കാട്ടി വന്ദേഭാരത്തിന്റെ യാത്ര സമയം പുനഃക്രമീകരണം എന്നാവശ്യപ്പെട്ടാണ് യാത്രക്കാര്‍ പ്രതിഷേധം നടത്തിയത്.

വന്ദേഭാരത്തിന്റെ സമയത്തില്‍ പുനഃക്രമീകരണം നടത്തി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നം റെയില്‍വേ വഷളാക്കുകയാണെന്ന് യാത്രക്കാര്‍ സൂചിപ്പിച്ചു. ട്രെയിന്‍ പിടിച്ചിടുന്നതിലൂടെ രണ്ട് മണിക്കൂറിന്റെ ഇടവേള എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ഏറനാടും കായംകുളം എക്‌സ്പ്രസ്സും തമ്മില്‍ ഉണ്ടാവുന്നതായി ജനകീയ സമിതി ചൂണ്ടിക്കാട്ടി. ഇത് തീരദേശ മേഖലയിലേക്കുള്ള യാത്ര സൗകര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പാസഞ്ചറുകള്‍ വൈകിയോടുന്നതിനെതിരെ എറണാകുളം-ആലപ്പുഴ റൂട്ടില്‍ യാത്രക്കാര്‍ വായ്മൂടി പ്രതിഷേധിക്കുകയായുണ്ടായി. എ.എം. ആരിഫ് എം.പിയും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയിലാണ് വന്ദേഭാരതിനെ കോട്ടയം റൂട്ടിലേക്ക് മാറ്റേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്.

പൊതുസ്ഥാപനമായ റെയില്‍വേയുടെ വീഴ്ചകള്‍ തുറന്നുകാണിക്കുകയും അതില്‍ പ്രതിഷേധിക്കുകയും ചെയ്യുമ്പോള്‍ ട്രെയിന്‍ എടുത്തുകളയും എന്ന ഭീഷണി ജനാധിപത്യ വിരുദ്ധമാണെന്ന് യാതക്കാര്‍ പറഞ്ഞു. ഇടതുപക്ഷ എം.പിയായ ആരിഫടക്കമുള്ളവര്‍ പങ്കെടുത്ത പ്രതിഷേധത്തിനെതിരെ റെയില്‍വേ ഇത്തരത്തില്‍ പ്രതികരിക്കുന്നുണെങ്കില്‍ അത് കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ആരോപണം ഉയരുന്നുണ്ട്.

Content Highlight: Railways threaten to change Vande Bharat train route

Latest Stories

We use cookies to give you the best possible experience. Learn more