ന്യൂദൽഹി: പാർലമെന്റിൽ പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കോൺഗ്രസ് സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സമീപകാലത്ത് വലിയ രീതിയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന ട്രെയിൻ അപകടങ്ങൾക്കെതിരെ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശ്വനി വൈഷ്ണവിന്റെ പ്രതികരണം. റെയിൽവെക്കാണ് തങ്ങളുടെ മുൻഗണനയെന്നും റീലുകൾക്കല്ലെന്നുമായിരുന്നു പ്രതികരണം.
വിമർശകർക്ക് അവർ അധികാരത്തിൽ ഇരുന്നപ്പോൾ, ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എ.ടി.പി) സ്ഥാപിക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്നും അശ്വനി വൈഷ്ണവ് ചോദിച്ചു. ലോക്കോ പൈലറ്റുമാരുടെ ശരാശരി ജോലിയും വിശ്രമ സമയവും 2005-ൽ ചട്ട പ്രകാരമാണ് നടപ്പിലാക്കിയതെന്നും 2016-ലെ ഭേദഗതികൾ അവർക്ക് അധിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പല തരം ട്രോളുമായി വരുന്ന കോൺഗ്രസുകാർ ദിവസേന യാത്ര ചെയ്യുന്ന 2 കോടി ജനങ്ങളിൽ ഭയം ജനിപ്പിക്കാനാണോ ശ്രമിക്കുന്നതെന്നും അശ്വനി വൈഷ്ണവ് ചോദിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഫെയിൽ മിനിസ്റ്റർ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിളിച്ചിരുന്നു. തുടർന്ന് കൊണ്ടിരിക്കുന്ന റെയിൽവേ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊലൊരു വിമർശനം. റെയിൽവേ മന്ത്രിക്ക് ഭരണത്തിൽ യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കൾ വിമർശനമുന്നയിച്ചിരുന്നു.
ജൂലൈ 18 ന് ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി, 4 പേർ മരിച്ചു. 31 പേർക്ക് പരിക്ക് പറ്റി. ജൂലൈ 21 ന് രാജസ്ഥാനിലെ ആൽവാറിൽ 3 വാഗണുകൾ പാളം തെറ്റി. ജാർഖണ്ഡിലെ ചക്രധർപൂരിൽ ഹൗറ-സി.എസ്.എം.ടി എക്‌സ്പ്രസ് ട്രെയിനിൻ്റെ നിരവധി കോച്ചുകൾ പാളം തെറ്റി, 2 പേർ മരിച്ചു, 20 പേർക്ക് പരിക്ക് പറ്റി. ഇങ്ങനെ നിരവധി അപകടങ്ങൾ സമീപകാലത്ത് ഉണ്ടായി. ഇതെല്ലം അക്കമിട്ട് നിരത്തിയായിരുന്നു കോൺഗ്രസ് നേതാക്കളുടെ വിമർശനം.
Content Highlight: Railways our priority, not reels: Ashwini Vaishnaw