| Saturday, 19th October 2024, 4:50 pm

വിരമിച്ച തൊഴിലാളികളെ പുനര്‍നിയമിക്കാനുള്ള റെയില്‍വേയുടെ തീരുമാനം; പ്രതിഷേധം കനക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ വിരമിച്ച ജീവനക്കാരെ വീണ്ടും നിയമിക്കാനൊരുങ്ങിയ ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനത്തില്‍ പ്രതിഷേധം കനക്കുന്നതായി റിപ്പോര്‍ട്ട്. വിരമിച്ചവരില്‍ 65 വയസിന് താഴെയുള്ളവരെ റെയില്‍വേയില്‍ വീണ്ടും നിയമിക്കാനുള്ള കേന്ദ്രത്തിന്റ തീരുമാനം ഉദ്യോഗാര്‍ത്ഥികളെ ബലിയാടാക്കുന്ന നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവില്‍ പ്രതിഷേധം കനക്കുന്നത്.

റെയില്‍വേ ഒഴിവുകളിലേക്ക് വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനുള്ള നടപടി യുവജനവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ഉണ്ടായിരുന്നു.

വിരമിച്ച ജീവനക്കാരെ രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമിക്കുക, ഇവരുടെ കാലാവധി വിപുലീകരിക്കാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റെയില്‍വേയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് എ.എ. റഹീം കത്തെഴുതിയിരുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായുള്ള റെയില്‍വേയുടെ തീരുമാനം പുതിയ റിക്രൂട്ട്‌മെന്റുകള്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് എംപ്ലോയീസ് യൂണിയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുനര്‍നിയമനം നടക്കുകയാണെങ്കില്‍ 2026 ഡിസംബര്‍ 31 വരെ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരും.

ഓഗസ്റ്റിലാണ് വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥരെ കണ്‍സള്‍ട്ടന്റായി പുനര്‍ നിയമിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മെഡിക്കല്‍ ഫിറ്റ്‌നസ്സും പെര്‍ഫോമന്‍സ് റേറ്റിങ്ങും വീണ്ടുമുള്ള നിയമനത്തിനുള്ള മാനദണ്ഡങ്ങളാണെന്നും ഇതിനടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ എല്ലാ സോണുകളിലെയും ജനറല്‍ മാനേജര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും റെയില്‍വേ അറിയിപ്പില്‍ പറഞ്ഞിരുന്നു.

ജീവനക്കാരുടെ കുറവ് പരിഹരിക്കാനായി വിരമിച്ച ജീവനക്കാരെ നിയമിക്കുന്നത് 25000 തസ്തികകളിലേക്കാണെന്നും റെയില്‍വേ ബോര്‍ഡ് റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വര്‍ധിച്ചുവരുന്ന ട്രെയിന്‍ അപകടങ്ങളും കുറഞ്ഞുവരുന്ന തൊഴിലാളികളുടെ എണ്ണവും പരിഗണിച്ചാണ് നിയമനത്തിനുള്ള തീരുമാനമെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം. ജീവനക്കാരുടെ കുറവ് കാരണം റെയില്‍വേ നേരിടുന്ന വെല്ലുവിളികള്‍ ലഘൂകരിക്കാനാണ് നിയമനം ലക്ഷ്യമിടുന്നതെന്നും കേന്ദ്രം വാദിച്ചിരുന്നു.

തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തില്‍ സൂപ്പര്‍വൈസര്‍ മുതല്‍ ട്രാക്ക് അസിസ്റ്റന്റ് വരെയുള്ള നിയമനങ്ങളാണുള്ളത്. ഉത്തരവിനനുസരിച്ച് വിരമിക്കുന്നതിന് മുമ്പുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ജീവനക്കാര്‍ക്ക് ഗ്രേഡിങ് ഉണ്ടായിരിക്കണമെന്നും അവര്‍ക്കെതിരെ വിജിലന്‍സിന്റെയോ വകുപ്പ് തല അന്വേഷണങ്ങളോ ഉണ്ടായിരിക്കരുതെന്നും പറഞ്ഞിരുന്നു.

Content Highlight: Railways’ decision to redeploy retired workers; The protest is growing

We use cookies to give you the best possible experience. Learn more