ന്യൂദല്‍ഹി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച റെയില്‍വേയും വിമാനകമ്പനികളും.
ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണിത്.
ചില സ്വകാര്യ ഏജന്‍സികളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിംഗ് ആരംഭിച്ച വിമാനകമ്പനികള്‍.
എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. 21 ദിവസത്തെ ലോക് ഡൗണ്‍ നീട്ടില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നേരത്തെ അറിയിച്ചിരുന്നു. പ്രസാര്‍ ഭാരതി ന്യൂസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടത്.
കൊവിഡ് 19നെ ചെറുക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24നാണ് രാജ്യത്ത് കേന്ദ്രം സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ലോക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുക.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പൊതു ഗതാഗതമടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ രാജ്യ തലസ്ഥാനത്തു നിന്നും തങ്ങളുടെ ജന്മസ്ഥലത്തേക്ക് കൂട്ടത്തോടെ പലായനം ചെയ്തിരുന്നു.
DoolNews Video