മുംബൈ: ജയ്പൂര്‍-മുംബൈ ട്രെയ്ന്‍ വെടിവെപ്പ് കേസിലെ പ്രതിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബിളിന് മാനസിക പ്രശ്‌നമുള്ളയാളാണെന്ന പ്രസ്താവന പിന്‍വലിച്ച് റെയില്‍വെ. കസ്റ്റഡിയിലിരിക്കെ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ അടിസ്ഥാനത്തിലാണ് റെയില്‍വെ പ്രസ്താവന പിന്‍വലിച്ചത്.
നാല് പേരെ വെടിവെച്ചു കൊന്ന റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ്ങിന് ചില മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നും ഇതാണ് കൊലപാതക കാരണമെന്നുമായിരുന്നു റെയില്‍വെ നേരത്തെ പറഞ്ഞിരുന്നത്. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി കുടുംബവും അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇയാള്‍ മാനസികവിഭ്രാന്തിയുള്ള ആളെണെന്ന് റെയില്‍വെ പൊലീസ് അധികാരികള്‍ക്ക് അറിവുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇയാള്‍ക്ക് തോക്ക് നല്‍കിയതെന്ന വിമര്‍ശനം ശക്തമയിരുന്നു. ഇതിനിടയിലാണ് നേരത്തെ പറഞ്ഞ പ്രസ്താവ പിന്‍വലിച്ച് റെയില്‍വെ തടിയൂരുന്നത്
തിങ്കളാഴ്ചയാണ് ജയ്പൂര്‍-മുംബൈ എക്സ്പ്രസില്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ നാല് പേരെ വെടിവച്ചുകൊന്നത്. ആര്‍.പി.എഫ് എ.എസ്.ഐ ടീക്കാറാം മീണയും മൂന്ന് യാത്രക്കാരുമാണ് വെടിയേറ്റ് മരിച്ചത്. അസ്ഗര്‍ അബ്ബാസ് അലി (48), അബ്ദുല്‍ഖാദര്‍ മുഹമ്മദ് ഹുസൈന്‍ (64), സതാര്‍ മുഹമ്മദ് ഹുസൈന്‍ (48) എന്നീ യാത്രക്കാരാണ് കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്. ജയ്പൂരില്‍ നിന്ന്
മുംബൈയിലേക്ക് വരുന്ന 12956 ട്രെയിനില്‍ ബി കോച്ചിലാണ് അക്രമം നടന്നത്.
ട്രെയിനില്‍ പാല്‍ഘറിനും ദഹിസര്‍ സ്റ്റേഷനും ഇടയില്‍ എത്തിയപ്പോഴായിരുന്നു അക്രമം. ട്രെയിനിന്റെ ചങ്ങല വലിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
അതേസമയം, കേസിലെ പ്രതിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ വെടിവെച്ച് കൊലപ്പെടുന്നതിന്റെ വീഡിയോ വ്യാപകമാി പ്രചരിച്ചിരുന്നു. ചേതന്‍ സിങ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍ക്ക് സമീപം നിന്ന് ‘ഹിന്ദുസ്ഥാനില്‍ ജീവിക്കണമെങ്കില്‍ യോഗിക്കും മോദിക്കും വോട്ട് ചെയ്യണം’ എന്ന് ആക്രോശിക്കുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
Content Highlight: Railway withdraws statement that officer in train shooting case is mentally ill