ന്യൂദല്‍ഹി: കൊവിഡ് രോഗിയുടെ അമ്മയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. റെയില്‍വേയാണ് ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ബെംഗളൂരു അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസര്‍ക്കെതിരെയാണ് നടപടി.
ഇവര്‍ ജര്‍മനിയില്‍ നിന്നെത്തിയ മകനെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചിരുന്നു. മകന്റെ വിദേശയാത്ര മറച്ചുവെച്ചതിനാണ് നടപടി. കഴിഞ്ഞ 13നാണ് ഇവരുടെ മകന്‍ സ്‌പെയിന്‍ വഴി ബെംഗളൂരുവില്‍ എത്തിയത്. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി അമ്മ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വീട് ബെംഗളൂരുവില്‍ നിന്ന് ദൂരെയാണെന്നും അങ്ങോട്ടുള്ള യാത്രക്കിടെ വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഗസ്റ്റൗസില്‍ താമസിപ്പിച്ചതെന്നാണ് ഇവരുടെ പ്രതികരണം.
സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നെന്നും പുറത്തിറങ്ങിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ സ്വദേശിയാണ് മരിച്ചത്. രാജ്യത്ത് 195 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.