തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിര്‍ത്തലാക്കുന്നത് സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടെന്ന് ആരോപണം. രാജ്യത്ത് 500 ട്രെയിനും പതിനായിരം സ്റ്റോപ്പുകളുമാണ് നിര്‍ത്തലാക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചില പാസഞ്ചര്‍ ട്രെയിനുകളുടെ നിലവിലുള്ള പ്രധാന സ്റ്റോപ്പുകളും നീക്കം ചെയ്‌തേക്കും. മുംബൈ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ടിന്റെ പേരിലാണ് റെയില്‍വേ ബോര്‍ഡിന്റെ ഈ നീക്കം.
50 ശതമാനത്തില്‍ താഴെ യാത്രക്കാരുള്ള ട്രെയിനുകള്‍ റദ്ദാക്കാനും ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് 200 കിലോമീറ്റര്‍ പരിധിയിലുള്ള സ്റ്റോപ്പ് എടുത്തുകളയാനുമാണ് നീക്കം.
നിലവില്‍ രാജ്യത്തെ 28 റൂട്ടുകളിലെ 150 ട്രെയിനാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നത്. ഇതില്‍ തിരുവനന്തപുരം -എറണാകുളം റൂട്ടും ഉള്‍പ്പെടുന്നു.
ഈ നിര്‍ദ്ദേശപ്രകാരം സ്വകാര്യ ട്രെയിന്‍ ഓടുന്ന റൂട്ടില്‍ ഒരു മണിക്കൂര്‍ മുമ്പും അതിനുശേഷവും മറ്റു സര്‍വീസുകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഇതനുസരിച്ച് നിലവിലുള്ള പല ട്രെയിനും പിന്‍വലിക്കേണ്ടി വരുമെന്നും വിമര്‍ശനമുണ്ട്.
സ്വകാര്യ ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് ലാഭകരമായ റൂട്ട് ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും വിമര്‍ശനമുയരുകയാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ നടത്തുന്ന ഈ സര്‍വ്വീസ് പുനക്രമീകരണം സ്വകാര്യട്രെയിനുകളെ പ്രോത്സാഹിപ്പിക്കാനാണെന്നാണ് പ്രധാന ആക്ഷേപം. നിലവിലെ തത്കാല്‍ നിരക്കിനെക്കാള്‍ 25 ശതമാനം അധികമാണ് സ്വകാര്യ ട്രെയിനിലെ അടിസ്ഥാന നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഇളവുകളോ, യാത്രസൗജന്യങ്ങളോ സ്വകാര്യ ട്രെയിനുകളില്‍ ലഭിക്കില്ലെന്നതും ഈ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നു.
പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തില്‍ 31 സ്റ്റോപ്പുകള്‍ നിര്‍ത്തലാകും. നേരത്തേ കേരളത്തിലോടുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ 31 സ്റ്റോപ്പുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നതാണ്.
ഒറ്റപ്പാലം, തിരൂര്‍, അങ്കമാലി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, മാവേലിക്കര തുടങ്ങിയ സ്റ്റോപ്പാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ജനസാന്ദ്രതയും ട്രെയിന്‍ യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് തീരുമാനം പിന്‍വലിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതാണ്.
ജയന്തി ജനത പുണെ വരെയാക്കാനും തിരുവനന്തപുരം – സില്‍ചര്‍ അരോണ എക്‌സ്പ്രസ് കോയമ്പത്തൂര്‍ വരെയാക്കി വെട്ടിച്ചുരുക്കാനും കൊല്ലം- എറണാകുളം മെമു ആലപ്പുഴ വരെയാക്കാനും നീക്കമുണ്ട്.
കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന അമൃത്സര്‍, ഡെറാഡൂണ്‍, ചണ്ഡിഗഡ് ട്രെയിനുകള്‍ എറണാകുളത്തു നിന്നാക്കാനും നീക്കമുണ്ട്. യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ട്രെയിന്‍ സര്‍വീസ് പുനഃക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ വിശദീകരണം. അതേസമയം ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനം കൈക്കൊണ്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: railway stops and services reduced