| Wednesday, 13th May 2015, 11:04 am

ഗൂഗിള്‍ മാപ്പില്‍ ഇനി മുതല്‍ ട്രെയിന്‍ സമയവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗൂഗിള്‍ മാപ്പുകളിലൂടെ ഇനി ട്രെയിന്‍ സമയവും അറിയാം. 12,000 ട്രെയിനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കു പുറമേ ഒമ്പതു നഗരങ്ങളിലെ ബസുകളുടെയും മെട്രോ റൂട്ടുകളുടെയും ഏറ്റവും പുതിയ വിശദാംശങ്ങളും മാപ്പില്‍ ലഭിക്കും.

ന്യൂദല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂനെ എന്നീ നഗരങ്ങളിലെ ബസ് റൂട്ട് വിശദാംശങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകുക.

ഗൂഗിള്‍ മാപ്പിലെ ഗൂഗിള്‍ ട്രാന്‍സിറ്റാണ് പൊതുഗതാഗതം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ ഐ.ഒ.എസ് അടിസ്ഥാനമാക്കിയുള്ള ഡിവൈസുകളിലും ഡസ്‌ക്‌ടോപ്പുകളിലും ഈ സൗകര്യം ഉപയോഗിക്കാം.

യാത്ര ചെയ്യാനാഗ്രഹിക്കുന്ന വാഹനവും, ബസോ ട്രെയിനോ മെട്രോയോ, പുറപ്പെടാനുദ്ദേശിക്കുന്ന സമയവും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. എത്തേണ്ട സ്ഥലം ഗൂഗിള്‍ മാപ്പില്‍ ടൈപ്പു ചെയ്തശേഷം “ഗെറ്റ് ഡയറക്ഷന്‍സ്” എന്ന ബട്ടന്‍ ക്ലിക്കു ചെയ്യുക. അതിനുശേഷം “പബ്ലിക് ട്രാന്‍സിറ്റ്” (ബസ്,ട്രെയിന്‍,കാര്‍, കാല്‍നട”) തെരഞ്ഞെടുക്കുക.

“ഇന്ത്യന്‍ റെയില്‍വേ സമയങ്ങള്‍ കൂട്ടിച്ചേര്‍ത്തതും എട്ടു നഗരങ്ങളിലെ ഗതാഗത വിശദാംശങ്ങള്‍ പുതുക്കി ഗൂഗിള്‍ ട്രാന്‍സിറ്റില്‍ ഉള്‍പ്പെടുത്തിയതും നിങ്ങളുടെ അടുത്ത യാത്ര പ്ലാന്‍ ചെയ്യുന്നത് കുറച്ചുകൂടി എളുപ്പമാക്കുമെന്നു പ്രതീക്ഷിക്കുന്നു.” ഗൂഗിള്‍ മാപ്‌സ് പ്രോഗ്രാം മാനേജ്‌മെന്റ് ഡയറക്ടര്‍ സുരന്‍ രുഹേല വ്യക്തമാക്കി.

ആഗോളതലത്തില്‍ 2,800 നഗരങ്ങളിലെ ഒരു മില്യണിലധികം സ്ഥലങ്ങളിലേക്കുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം ഗൂഗിള്‍ മാപ്പു നല്‍കുന്നുണ്ട്.

We use cookies to give you the best possible experience. Learn more