തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വെ ഉത്തരവിറക്കി. നേരത്തെ തിരൂരിനനുവദിച്ച സ്റ്റോപ്പ് എടുത്ത് മാറ്റിയാണ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വെ തീരുമാനിച്ചത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സര്‍വീസ് നീട്ടിയതിന് ശേഷം ട്രെയിനിന്റെ പുതുക്കിയ സമയക്രമം ശനിയാഴ്ച റെയില്‍വെ പുറത്ത് വിട്ടിരുന്നു. അതിലാണ് തിരൂരിനെ മാറ്റി ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വെ പ്രഖ്യാപനം നടത്തിയത്. നിലവില്‍ വന്ദേഭാരതിന് കേരളത്തില്‍ ആകെ ഒമ്പത് സ്റ്റോപ്പുകളാണുള്ളത്.
പുതുക്കിയ സമയപ്രകാരം എട്ട് മണിക്കൂര്‍ അഞ്ച് മിനുട്ട് കൊണ്ട് വന്ദേഭാരത് തിരുവന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്തും. തലസ്ഥാനത്ത് നിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന ട്രെയിന്‍ 6.07ന് കൊല്ലത്തും, 8.17ന് എറണാകുളത്തുമെത്തും.
9.22ന് തൃശൂരില്‍ എത്തുന്ന വന്ദേഭാരത് 10.02 ന് ഷൊര്‍ണൂര്‍ സ്റ്റോപ്പിലെത്തും. തുടര്‍ന്ന് 11.03ന് കോഴിക്കോടും 12.03ന് കണ്ണൂരും 1.25ന് കാസര്‍ഗോഡുമെത്തുമെന്നാണ് റെയില്‍വെ വ്യക്തമാക്കിയിരിക്കുന്നത്. ശേഷം 2.30ന് കാസര്‍ഗോഡ് നിന്ന് മടക്കയാത്ര ആരംഭിച്ച് രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് പുതിയ സമയക്രമം.
ഉദ്ഘാടന ദിവസം സ്റ്റോപ്പ് ലിസ്റ്റില്‍ പെടാത്ത ചില സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്താനും തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ സെല്‍ഫി പോയിന്റുകള്‍ സജ്ജീകരിക്കാനും നിര്‍ദേശമുണ്ട്.
തിരുവന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക് റെയില്‍വെ ബോര്‍ഡ് ആദ്യം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ എക്കോണമി കോച്ചില്‍ ഭക്ഷണമടക്കം 1400 രൂപയും എക്‌സിക്യൂട്ടീവ് കോച്ചില്‍ 2400 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ആദ്യ ഘട്ടത്തില്‍ കണ്ണൂര്‍ വരെ മാത്രം നിശ്ചയിച്ച ട്രെയിന്‍ സര്‍വീസ് പിന്നീട് പ്രതിഷേധത്തെ തുടര്‍ന്നാണ് കാസര്‍ഗോഡ് വരെ നീട്ടിയത്. നേരത്തെ ഷൊര്‍ണൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ റെയില്‍വെ ജങ്ഷനായ ഷൊര്‍ണൂരില്‍ ട്രെയിന്‍ നിര്‍ത്തിയില്ലെങ്കില്‍ ഉദ്ഘാടന ദിവസം തന്നെ ട്രെയിന്‍ തടയുമെന്ന് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വെ ഉത്തരവിറക്കിയിരിക്കുന്നത്.
Content Highlight: Railway reveal new stop for vande bharath express