ന്യൂദല്‍ഹി: ട്രെയിനുകളില്‍ വ്യാജ കുടിവെള്ള ബോട്ടിലുകള്‍ കോണ്‍ട്രാക്ടര്‍മാര്‍ വിതരണം ചെയ്യുന്നത് റെയില്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് സി.ബി.ഐ.
വടക്കന്‍ റെയില്‍വേയിലെ 13 ഇടങ്ങളിലും ദല്‍ഹിയിലെയും നോയിഡയിലേയും ഏഴ് സ്വകാര്യസ്ഥാപനങ്ങളിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. സി.ബി.ഐ നടത്തിയ റെയ്ഡില്‍ ഒറ്റ ദിവസം കൊണ്ട് തന്നെ 20 കോടിയിലേറെ രൂപയാണ് പിടിച്ചെടുക്കാനായത്.
കമ്പനികളും ബ്യൂറോക്രാറ്റുകളും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് വഴിയാണ് റെയില്‍വേയുടെ സ്വന്തം അംഗീകൃതകുടിവെള്ളം എന്ന വ്യാജേന വെള്ളം വിതരണം ചെയ്തുകൊണ്ടിരുന്നതെന്ന് സി.ബി.ഐ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് വടക്കന്‍ റെയില്‍വേ മേഖലയിലെ ചീഫ് കൊമേഴ്ഷ്യല്‍ മാനേജര്‍മാരായ എം.എസ് ചാലിയയ്ക്കും സന്ദീപ് സിലാസിനുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ മുന്‍ കേന്ദ്രമന്ത്രിമന്ത്രിമാരായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, അംബിക സോണി എന്നിവരുടെ സ്വകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ആളാണ് സിലാസ്.
രാജധാനി,ശതാബ്ദി എക്‌സ്പ്രസുകളില്‍ സ്വകാര്യ കമ്പനികളുടെ അംഗീകൃതമല്ലാത്ത പാക്കേജ് കുടിവെള്ളം റെയില്‍വേ അധികൃതരുടെ ഒത്താശയോടെ തന്നെ വിതരണം ചെയ്യാറുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി.
റെയില്‍വേയുടെ അംഗീകൃത കുടിവെള്ളകുപ്പി വിതരണം ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ്. 10.50 രൂപയാണ് ഒരു കുപ്പി വെള്ളത്തിന്റെ വില. ഇത് വില്‍ക്കുക 15 രൂപയ്ക്കാണ്. എന്നാല്‍ സ്വകാര്യ കമ്പനികളില്‍ നിന്നും ഗുണമേന്മയില്ലാത്ത വെള്ളം 6 രൂപയ്ക്ക് വാങ്ങി അത് 15 രൂപയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് സി.ബി.ഐ വക്താവ് ദേവ്പ്രീത് സിങ് പറഞ്ഞു.
ട്രെയിനുകള്‍ സ്വകാര്യ കാറ്റെറേഴ്‌സ് മുഖാന്തരം അംഗീകൃതമല്ലാത്ത കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ഐ.ആര്‍.സി.ടി.സി ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും പ്രീമിയം ട്രെയിനുകളിലെ സ്വാകാര്യ കാറ്ററിംഗ് സേവനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായില്ലെന്നും സി.ബി.ഐ കുറ്റപ്പെടുത്തി.